സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും ധനികനും ട്വിറ്ററിന്റെ പുതിയ മേധാവിയുമായ ഇലോൺ മസ്‌ക് ഈ ആഴ്ച ആദ്യം ആപ്പ് സ്റ്റോറിൽ നിന്ന് ട്വിറ്ററിനെ തടയുമെന്ന് ആപ്പിൾ ഭീഷണിപ്പെടുത്തിയതായി വ്യക്തമാക്കിയിരുന്നു. ട്വിറ്ററില്‍ ആപ്പിൾ പരസ്യം ചെയ്യുന്നത് നിർത്തിയതായും മസ്ക് അവകാശപ്പെട്ടിരുന്നു. 

എന്നാല്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മസ്‌ക് ആപ്പിൾ സിഇഒ ടിം കുക്കിനെ കാണുകയും ട്വിറ്റർ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കിയതായി വ്യക്തമാക്കുകയും ചെയ്തു എന്നതാണ് സംഭവത്തിലെ പുതിയ ട്വിസ്റ്റ്. 

കുക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലാണ് മസ്‌ക് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. “നല്ല സംഭാഷണമാണ് ഉണ്ടായത്. മറ്റ് കാര്യങ്ങൾക്കൊപ്പം, ആപ്പ് സ്റ്റോറിൽ നിന്ന് ട്വിറ്റര്‍ നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള  തെറ്റിദ്ധാരണ പരിഹരിച്ചിട്ടുണ്ട്. ആപ്പിൾ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ലെന്ന് ടിമ്മിന് വ്യക്തമാക്കി” മസ്ക് ട്വീറ്റ് ചെയ്തു. 

അതേ സമയം ആപ്പിളിനും അതിന്റെ ആപ്പ് സ്റ്റോർ നയങ്ങൾക്കും എതിരെ ഇലോണ്‍ മസ്ക് ചെയ്ത എല്ലാ ട്വീറ്റുകളും പിന്‍വലിച്ചിട്ടുണ്ട്. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആപ്പ് സ്റ്റോർ നയങ്ങൾക്കും നികുതി നിയമങ്ങൾക്കും ആപ്പിളിനും കമ്പനി സിഇഒയ്ക്കും എതിരെ മസ്ക് ആഞ്ഞടിച്ചിരുന്നു. ഉള്ളടക്ക മോഡറേഷൻ ആവശ്യങ്ങളിൽ ആപ്പിൾ ട്വിറ്ററില്‍ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ട്വിറ്റർ മേധാവി പറഞ്ഞു.