ദോഹ: അവസാന നിമിഷം വരെ ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടങ്ങൾക്കൊടുവിൽ ഗ്രൂപ്പ് എച്ചിൽ നിന്നും ആരൊക്കെ പ്രീ ക്വാർട്ടറിൽ എന്ന ചിത്രം തെളിഞ്ഞു. പോർച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ കടന്നു. ഘാനയെ പരാജയപ്പെടുത്തിയെങ്കിലും സുവാരസിന്റെ യുറഗ്വേ നോക്കൗട്ട് കാണാതെ പുറത്തായി. ഗ്രൂപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലിനൊപ്പമാണ് ദക്ഷിണ കൊറിയയുടെ നോക്കൗട്ട് പ്രവേശനം.

അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എന്നാല്‍ 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ സ്‌കോര്‍ ഈ നിലയില്‍ തുടര്‍ന്നു. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കൊറിയ പുറത്ത്് പോവുമായിരുന്നു. ഉറുഗ്വെ അകത്തും. എന്നാല്‍ ഇഞ്ചുറി അത്ഭുതം സംഭവിച്ചു. ഹ്വാങ് ഹീ-ചാനിന്റെ ഗോളില്‍ കൊറിയ ആദ്യമായി മുന്നിലെത്തി. പിന്നീട് മറ്റൊരു ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനും കൊറിയക്കായി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള യോഗ്യതയും.