ഗുവാഹാട്ടി:ആദ്യ ജോലിയിൽ റെക്കോഡ് തുക ശമ്പള വാഗ്ദ്ദാനം ലഭിച്ച് ഐഐടി ഗുവാഹാട്ടിയിലെ വിദ്യാർത്ഥി. അന്താരാഷ്‌ട്ര കമ്പനി രണ്ടര കോടി വാർഷിക ശമ്പളം നൽകിയാണ് ബിടെക് ബിരുദധാരിയെ ക്ഷണിച്ചിരിക്കുന്നത്. ഐഐടി ഗുവാഹാട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശമ്പളമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരുകോടിരൂപ വീതം വിവിധ കമ്പനികൾ രണ്ടു വിദ്യാർത്ഥികൾക്ക് കൂടി വാഗ്ദാനം ചെയ്‌തെന്നും ഐഐടി അധികൃതർ അറിയിച്ചു.

ക്യാമ്പസ് പ്ലേസ്‌മെന്റ് സവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്വപ്‌നതുല്യ ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. കൊറോണ കാരണം നേരിട്ട് കാണാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികളുമായി വളരെ ആവേശത്തിലാണ് വിവിധ ബഹുരാഷ്‌ട്ര കമ്പനികൾ തങ്ങളുടെ ആശയങ്ങളും പ്രതീക്ഷകളും പങ്കുവെച്ചതെന്നും ഐഐടി അധികൃതർ പറഞ്ഞു.

ഐടി മേഖലയിലെ ബഹുരാഷ്‌ട്ര ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ജെപി മോർഗൻ ചേസ്, അമേരിക്കൻ എക്‌സ്പ്രസ്സ്, ടെക്‌സാസ് ഇൻസ്ട്രുമെന്റ്‌സ്, യൂബർ, ക്വാൽകോം, സി-ഡോട്ട്, എൻഫേസ് എനർജി എന്നിവരാണ് ഗുവാഹാട്ടി ഐഐടിയിൽ നിന്നും ബിരുദധാരികളെ കൊത്തിപ്പറക്കാൻ എത്തിച്ചേർന്നത്.

ആഗോളതലത്തിലും ഇന്ത്യയിലുമായുള്ള 46 കമ്പനികൾ ആദ്യ ദിനത്തിൽ തന്നെ 168 വിദ്യാർത്ഥികളെ തങ്ങളുടെ ഭാഗമാക്കി. 1260 വിദ്യാർത്ഥികളാണ് ജോലികൾക്കായി രജിസ്റ്റർ ചെയ്തത്. ഈ മാസം 15-ാം തിയതി വരെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് തുടരുമെന്നും ഐഐടി അറിയിച്ചു.