കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് ബാങ്ക് മാനേജർ പണം തട്ടിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ല. പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ റിജിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ ബാങ്കിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരിക്കുകയാണ്. എത്ര രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് തിട്ടപ്പെടുത്താൻ ആയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. 

അതേസമയം, രണ്ടരക്കോടി രൂപയലധികം വരുന്ന തുകയുടെ തിരിമറി നടത്തിയതായാണ്  കോർപ്പറേഷന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ സെക്രട്ടറി ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജിലാണ് തിരിമറി നടത്തിയത്. 

ഇയാൾ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്‍പ്പറേഷന്‍ ആദ്യം കണ്ടെത്തിയത്. പണം പിന്‍വലിക്കാന്‍ കോര്‍പ്പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പണമില്ലെന്ന് അറിഞ്ഞത്. പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം കോര്‍പ്പറേഷന്‍ വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

ഇതിലാണ് വലിയ തിരിമറി നടത്തിയതായി കണ്ടെത്തിയത്. മൊത്തം രണ്ട് കോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ തിരിമറിയാണ് ഇതുവരെ കണ്ടെത്തിയത്. വാർത്ത പുറത്തു വന്നതിന് പിന്നാലെ ബാങ്ക് മാനേജര്‍ റിജിലിനെ  പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെൻഡ് ചെയ്‌തു. ബാങ്ക് ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്.