ബുദ്ധക്ഷേത്രത്തിലെ സന്യാസിമാരെല്ലാം ലഹരിമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങി അധികൃതർ. ബാങ്കോക്കിലെ ഫെറ്റ്ചാബുൻ പ്രവിശ്യയിലാണ് സംഭവം. 

ക്ഷേത്രത്തിലെ സന്യാസിമാരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ട് ലഹരി പരിശോധന നടത്തിയത്. ഇതിൽ  മഠാധിപതി ഉൾപ്പടെ എല്ലാവരും പരാജയപ്പെട്ടു. മെത്താംഫെറ്റമിനടങ്ങിയ ലഹരിവസ്തുവാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് തെളിഞ്ഞു. തുടർന്നാണ് ഇവരെ പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കാനും ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനമായത്. ഗ്രാമത്തിലേക്ക് പകരം സന്യാസിമാരെ അയയ്ക്കാനും തീരുമാനമായി. 

നാട്ടുകാർ നൽകുന്ന ഭക്ഷണവസ്തുക്കൾ കഴിച്ചാണ് മഠത്തിലെ സന്യാസിമാർ കഴിയുന്നത്. പകരമായി നാടിന്റെ നൻമയ്ക്ക് ഇവർ പ്രാർഥനയും പൂജാദികർമങ്ങളും നടത്തണമെന്നുമാണ് ചട്ടം. സന്യാസിമാർക്ക് ഭിക്ഷ നൽകുന്നതിലൂടെ മോക്ഷത്തിലേക്കുള്ള പാത സാക്ഷാത്കരിക്കാമെന്നാണ് നാട്ടുകാർ കരുതുന്നത്.