തിരുവനന്തപുരം: വീടില്ലാത്തവർക്കായി ലൈഫ് മിഷൻ നിർമിച്ച 500 വീടുകളിലും പട്ടികജാതിവകുപ്പ് നൽകിയ 300 വീടുകളിലും സൗജന്യമായി പുരപ്പുറ സൗരോർജ പ്ലാന്റ് നിർമിക്കുന്നു. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുകാർക്ക് ഉപയോഗിക്കാം. മിച്ചമുള്ളത് കെ.എസ്.ഇ.ബി.ക്കുനൽകി വരുമാനവും ഉണ്ടാക്കാം.

സംസ്ഥാന സർക്കാർ ഏജൻസിയായ അനെർട്ട് ആണ് ഈ ‘ഹരിത ഊർജ വരുമാന പദ്ധതി’ നടപ്പാക്കുന്നത്. ഹരിത ഊർജ ഉത്പാദനത്തിന്റെ ആനുകൂല്യങ്ങൾ പാർശ്വവത്കരിക്കപ്പെട്ടവർക്കുകൂടി ലഭ്യമാക്കാനാണ് ഇത് നടപ്പാക്കുന്നതെന്നും ഇതിനകം 400 വീടുകളിൽ സൗരോർജപ്ലാന്റുകൾ പൂർത്തിയായെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

ലൈഫ് വീടുകളിൽ ദിവസം ശരാശരി എട്ടു യൂണിറ്റ് ഉത്പാദിപ്പിക്കാനാവുന്ന രണ്ടു കിലോവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കും. ഒരു പ്ലാന്റിന് 1.35 ലക്ഷമാണ് ചെലവ്.

500 വീടുകൾക്ക് വേണ്ടിവരുന്ന 6.75 കോടിയിൽ 1.75 കോടി കേന്ദ്ര സബ്സിഡിയാണ്. മാസം 100 യൂണിറ്റ് ഉപയോഗമുള്ള വീട്ടിൽനിന്ന് വർഷം ഏകദേശം 1200 യൂണിറ്റ് മിച്ചംവരുമെന്ന് കണക്കാക്കുന്നു. ഇത് കെ.എസ്.ഇ.ബി.ക്ക് നൽകാം. ഏകദേശം 4000 രൂപ കിട്ടും.