കാടും കാട്ടുച്ചോലയും വന്യമൃഗങ്ങളെയും കണ്ട് കാടിനുള്ളിവൂടെ ആനവണ്ടിയിൽ യാത്ര ആയാലോ? കുറഞ്ഞ ചെലവിൽ സുരക്ഷിതമായി ട്രിപ്പടിക്കാം. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ഗവിയിലേക്കാണ് യാത്ര. കോട്ടയം ഡിപ്പോയിലെ ആദ്യ യാത്ര ഡിസംബർ ഒന്നിന് ആരംഭിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്ക് ഉദ്ഘാടനയാത്രയിൽ പങ്കാളിയാവാം. 

പാഞ്ചാലിമേടിന്റെ മനോഹാരിതയും നുകർന്നുള്ള യാത്രയാണിത്. 60 കിലോമീറ്റർ ജംഗിൾ സഫാരിയും ഗവിയിലൂടൊരു ബോട്ടിങ്ങും നടത്താം. ഉച്ചഭക്ഷണം ഉൾപ്പടെ യാത്രയ്ക്കായി ഒരാൾക്ക് നിരക്ക് 1650 രൂപ മാത്രമാണ്. രാവിലെ 5.30 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് 10 മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

കാടിന്റെ ഹൃദയം തൊട്ട്

പച്ചയ്ക്കാണ് ഏറ്റവും സൗന്ദര്യമെന്ന് ഗവിയിലെ കാഴ്ചകൾ കാണുമ്പോൾ അറിയാതെ തോന്നിപ്പോകും. അത്രയേറെ സുന്ദരമാണ് ആ കാനന ഹരിതാഭ. കാടിനു നടുവിലൂടെയാണ് ഗവിയിലേക്കുള്ള യാത്ര. കടുത്ത വേനലിലും ചൂടിന്റെ കാഠിന്യം തെല്ലുമേൽക്കാത്ത ആ പച്ച മേൽക്കൂരയ്ക്കു താഴെ വിശേഷങ്ങൾ പറയുന്ന പക്ഷികളെയും ആനകളെയും കാട്ടുപോത്തുകളെയുമൊക്കെ യാത്രാമധ്യേ കാണാം. 

‌പത്തനംതിട്ട ജില്ലയിലെ അതിപ്രശസ്തമല്ലാതിരുന്ന ഗവി എന്ന സ്വർഗഭൂമിയിലേക്കു സഞ്ചാരികളെ എത്തിച്ചതിൽ ഓർഡിനറി എന്ന മലയാള ചിത്രത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. കാട്ടിലൂടെ നീളുന്ന ഗവി യാത്ര ഓരോ സഞ്ചാരിക്കു പുത്തനനുഭവമായിരിക്കും. ധാരാളം സഞ്ചാരികൾ  കാട് കാണാനിറങ്ങുന്നതു കൊണ്ടുതന്നെ നിരവധി സൗകര്യങ്ങളാണ് സർക്കാർ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ട്രെക്കിങ്ങും വനംവകുപ്പിന്റെ സംരക്ഷണത്തിൽ ടെന്റിൽ താമസവുമൊക്കെ അതിൽ ചിലതുമാത്രം. 

നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്. വിവിധ തരം പക്ഷികളും വന്യമൃഗങ്ങളും നിറഞ്ഞ ഈ കാനന സൗന്ദര്യം സഞ്ചാരികളുടെ മനസ്സിളക്കും. മലമുഴക്കി വേഴാമ്പലടക്കമുള്ള മുന്നൂറിലധികം പക്ഷികൾ ഈ കാടുകളിൽ  അധിവസിക്കുന്നുണ്ട്. മാത്രമല്ല, നമുക്ക് ഒട്ടും തന്നെ പരിചിതമല്ലാത്ത പല വൃക്ഷങ്ങളും ചെടികളും പൂക്കളും ഈ ഹരിതഭൂവിന് സ്വന്തമാണ്. 

ബുക്കിങ്ങിനായി രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിളിക്കാം 9495876723, 8547832580, 8547564093