തിരുവനന്തപുരം: രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമർദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ വയറ്റില്‍ ആഞ്ഞുചവിട്ടുകയായിരുന്നുവെന്നാണ് പരാതി. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിതാ ഡോക്ടറെയാണ് കൊല്ലം സ്വദേശി സെന്തില്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. വനിതാ ഡോക്ടറെ സന്ദര്‍ശിച്ചശേഷം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്.

ഡോക്ടര്‍ പണിക്ക് ഇനി താനില്ലെന്നും ഈ രാജ്യം വിട്ടുപോവുകയാണെന്നുമുള്ള വനിതാ ഡോക്ടറുടെ വാക്കുകളാണ് ഡോ. സുല്‍ഫി പങ്കുവച്ചിരിക്കുന്നത്. ചവിട്ടുകിട്ടിയ വനിതാ ഡോക്ടര്‍ ഐസിയുവിനുള്ളില്‍ നിലവിളിച്ച് കരയാന്‍ പോലും കഴിയാതെ തകര്‍ന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതന്‍. സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ തയ്യാറായി വനിതാ ഡോക്ടറും. പ്രഭാത സവാരിയില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും വനിതകള്‍, വനിതാ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ല. ഇത് തലസ്ഥാനനഗരിയില്‍ ഒരുമാസത്തിനുള്ളിലെ രണ്ടാമത്തെ വനിതാ ഡോക്ടര്‍ ആക്രമണമാണ്. കേരളം എങ്ങോട്ടാണെന്നും അദ്ദേഹം കുറിപ്പിൽ ചോദിക്കുന്നു.