വാഷിംങ്ടണ്‍: സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുള്ളതിനാൽ അവധിക്കാലത്ത് വലിയ തോതില്‍ ഉപകരണങ്ങള്‍ വാങ്ങുന്നത് വേണ്ടെന്ന് ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ് ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമാണ് ബെസോസിന്‍റെ മുന്നറിയിപ്പ്.

ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കുലപതികളില്‍ ഒരാളായ ബെസോസ് സിഎന്‍എന്നിനോടാണ് ഇത് പറഞ്ഞത്.  പണം സുരക്ഷിതമായി സൂക്ഷിക്കാനും വരും മാസങ്ങളിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാനും ഉപയോക്താക്കളോട് ബെസോസ് ഉപദേശിക്കുന്നു. അമേരിക്കൻ ഐക്യനാടുകൾ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഉറ്റുനോക്കുന്നതിനാൽ പുതിയ കാറുകളും ടിവികളും പോലുള്ള വലിയ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ബെസോസ് നിർദ്ദേശിച്ചു.

ഇപ്പോള്‍ ചില അപകട സാധ്യതകളാണ് കാണുന്നത് ബെസോസ് ആളുകളെ ഉപദേശിച്ചു. അതിനാല്‍ കുറച്ച് കരുതല്‍ ആവശ്യമാണ്. വലിയ റിസ്കുകള്‍ എടുക്കാതിരിക്കുന്നത് ചെറുകിട ബിസിനസുകള്‍ക്ക് ഇപ്പോള്‍ ഗുണമാകുക.  നമ്മൾ കൂടുതൽ റിസ്ക് എടുക്കുകയാണെങ്കില്‍ ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ചിലപ്പോള്‍ അത് വഴിവച്ചേക്കും. അതിനാല്‍ നഷ്ടസാധ്യത മുന്നിട്ട് കണ്ട് തന്നെ രംഗത്ത് ഇറങ്ങണം. 

“നിങ്ങൾ ഒരു വലിയ സ്‌ക്രീൻ ടിവി വാങ്ങാൻ ആലോചിക്കുന്ന വ്യക്തിയാണെങ്കിൽ, അത് തല്‍ക്കാലം ഉപേക്ഷിച്ച് നിങ്ങളുടെ അതിനായി നീക്കിവച്ച പണം കൈയ്യില്‍ തന്നെ സൂക്ഷിക്കുക. പുതിയ വാഹനം, റഫ്രിജറേറ്റർ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിലും ഇതേ രീതി തന്നെ തുടരണം. എടുത്ത് ചാട്ടങ്ങള്‍ ഒഴിവാക്കിയാല്‍ പെട്ടെന്നുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാം”

സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ നല്ല രീതിയില്‍ അല്ലെന്ന് പറയുന്ന ബെസോസ് തുടർന്നു. ” മന്ദഗതിയിലാണ് ഇപ്പോള്‍ സാമ്പത്തിക രംഗം. പല മേഖലകളിലും നിങ്ങൾ പിരിച്ചുവിടലുകൾ കാണുന്നത് അതിനാലാണെന്ന്” ബെസോസ് സിഎന്‍എന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

ഇതേ അഭിമുഖത്തിൽ, ആമസോൺ സ്ഥാപകൻ തന്‍റെ 124 ബില്യൺ ഡോളർ ആസ്തിയുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും വളർന്നുവരുന്ന സാമൂഹികവും രാഷ്ട്രീയവുമായ ഭിന്നതകൾക്കിടയിൽ മനുഷ്യരാശിയെ ഏകീകരിക്കാൻ കഴിയുന്ന ആളുകളെ പിന്തുണയ്ക്കാനാണ് ഈ തുക വിനിയോഗിക്കുന്നത് എന്നാണ് ബെസോസ് പറയുന്നത്. 

തന്‍റെ സ്വത്ത് എത്രയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ബെസോസ് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, തന്‍റെ ജീവിതകാലത്ത് തന്‍റെ സമ്പത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമോ എന്ന ചോദ്യത്തിന്, “അതെ, ഞാൻ ചെയ്യുന്നു” എന്ന് അദ്ദേഹം മറുപടി നൽകി.