കോഴിക്കോട് : കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെത്തുടർന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തം. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയോടെ തരൂരിന്റെ മലബാർ പര്യടനത്തിനു തുടക്കമായി. ഹാളിലും പുറത്തും ജനം നിറഞ്ഞു. തരൂരിന്റെ പര്യടനം ഏകോപിപ്പിക്കുന്ന എം.കെ.രാഘവൻ എം.പി വിലക്കിനു നൽകിയ മറുപടി കൂടിയായി പരിപാടിയിലെ ജനപങ്കാളിത്തം. 

യൂത്ത് കോൺഗ്രസ് പിന്മാറിയതിനുപിന്നിൽ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയും. അന്വേഷണം ആവശ്യപ്പെട്ടു സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ എന്നിവർക്കു പരാതി നൽകും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു. 

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ, കെപിസിസി അംഗങ്ങളായ കെ.ബാലകൃഷ്ണ കിടാവ്, മഠത്തിൽ നാണു, ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് കക്ഷിനേതാവ് ഐ.പി.രാജേഷ്, കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കക്ഷിനേതാവ് കെ.സി.ശോഭിത എന്നിവരും തരൂരിനൊപ്പം വേദി പങ്കിട്ടു. തരൂരിനെ പങ്കെടുപ്പിച്ച് കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുമെന്നു റിജിൽ മാക്കുറ്റി പ്രഖ്യാപിച്ചു. 

മതനിരപേക്ഷതയും സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയും’ എന്ന വിഷയത്തിൽ തരൂരിനെ പങ്കെടുപ്പിച്ച് സെമിനാർ നടത്തുമെന്നു പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കോൺഗ്രസ് നേതൃത്വം കണ്ണുരുട്ടിയതോടെ ശനിയാഴ്ച വൈകിട്ടു പരിപാടിയിൽനിന്നു പിന്മാറുകയായിരുന്നു.