ഹൈദരാബാദ്: തെലങ്കാനയില്‍ പ്രകോപനപരമായ മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് എഐഎംഐഎം നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി എംഎല്‍എ ടി രാജാ സിങ്ങ് പ്രകോപനപരമായ പരാമര്‍ശം നടത്തിയതിന് പിന്നാലെ സംഘടിപ്പിച്ച റാലിയിലായിരുന്നു കേസിന് ആസ്പദമായ മുദ്രാവാക്യം ഉയര്‍ന്നത്. തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം ഇവര്‍ വിളിച്ചെന്നാണ് കേസ്. 

തെലങ്കാനയിലെ സെക്കന്തരാബാദിലെ നെറെഡ്മെറ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) എന്നിവ പ്രകാരമാണ് എഫ്ഐആര്‍. 

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി എംഎല്‍എ ടി രാജ സിംഗിന് ഈ മാസം ആദ്യം ജാമ്യം ലഭിച്ചിരുന്നു. രാജാ സിംഗിനെതിരായ പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ തെലങ്കാന ഹൈക്കോടതി റദ്ദാക്കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കരുണ സാഗര്‍ പറഞ്ഞു. മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആഗസ്റ്റിലാണ് ടി രാജാ സിംഗ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈദരാബാദില്‍ പലയിടത്തും വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.