കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദക്കേസില്‍ പ്രിയ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുഴിവെട്ട് എന്ന കാര്യം പറഞ്ഞതായി ഓര്‍ക്കുന്നില്ല. എന്‍എസ്എസിന്റെ ഭാഗമായി ചെയ്തതൊക്കെ അധ്യാപന പരിചയമാണോയെന്ന് മാത്രമാണ് കോടതി നോക്കിയതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ടതില്ല. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ട്. കോടതിയുടെ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് വാര്‍ത്തകള്‍ നല്‍കുന്നത്. കോടതിയില്‍ സംഭവിച്ചത് അവിടെ അവസാനിക്കണം. കഴിഞ്ഞ ദിവസം എന്‍എസ്എസിലെ പ്രവര്‍ത്തനം സംബന്ധിച്ച കോടതി പരാമര്‍ശത്തിനെതിരെ പ്രിയ വര്‍ഗീസിട്ട ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം.

അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല. അധ്യാപന പരിചയം എന്നാല്‍ അധ്യാപനം തന്നെയാകണമെന്നും കോടതി വ്യക്തമാക്കി.

ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും ചോദ്യമുയര്‍ന്നു. ഡെപ്യൂട്ടേഷന്‍ കാലാവധി അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന യുജിസി നിലപാട് ശരിവെക്കുന്നതായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. 

അതേസമയം പ്രിയ വര്‍ഗീസിന്റെ ഹാജറിലും യുജിസി കോടതിയില്‍ സംശയം പ്രകടിപ്പിച്ചു. പിഎച്ച്ഡി കാലയളവിലെ ഹാജര്‍ രേഖയിലാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സംശയം ഉയര്‍ത്തിയത്. പ്രിയ വര്‍ഗീസിന് 147 ഹാജര്‍ വേണ്ടിടത്ത് പത്ത് ഹാജര്‍ മാത്രമാണുള്ളതെന്നും എന്നാല്‍ ഹാജര്‍ തൃപ്തികരമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും യുജിസി അറിയിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് വിവാദത്തിലായത്. ഒന്നാംറാങ്ക് ലഭിച്ച പ്രിയാ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള കുറഞ്ഞയോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപനപരിചയമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ഇതിനിടെ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടുള്ളുവെന്ന സത്യവാഗ്മൂലം ഹൈക്കോടതിയില്‍ യുജിസി നല്‍കി. സര്‍വ്വകലാശാല ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമാണ്. ഗവേഷണകാലവും,സ്റ്റുഡന്റസ് സര്‍വീസ് ഡയറ ക്റ്റര്‍ കാലയളവും ഒഴിവായാല്‍,ഏട്ടു വര്‍ഷത്തെ അധ്യാപന പരിചയത്തിന് പകരം ഹര്‍ജ്ജിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ള  മൂന്നര വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവര്‍ഗീസിനുള്ളത്.