കൊച്ചി: കോടതിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റതിന് പിന്നാലെ വിശദീകരണവുമായി പ്രിയ വര്‍ഗീസ്. അര്‍പ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂവെന്ന് പ്രിയ ഫേസ്ബുക്കില്‍ വ്യക്തമാക്കി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോടായിരുന്നു തന്റെ പ്രതികരണമെന്നും അത് ഒന്നും രണ്ടുമല്ല പല മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരായാണ് കഴിഞ്ഞ ദിവസം പ്രിയ വര്‍ഗീസ് പോസ്റ്റിട്ടത്. എന്‍എസ്എസിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്നായിരുന്നു പോസ്റ്റ്. എന്നാല്‍ കേസില്‍ ഇന്ന് വിധി വരാനിരിക്കെ കോടതിക്കെതിരെ പോസ്റ്റിട്ടത് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തലില്‍ ഇത് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പോസ്റ്റിട്ട് ഒന്നര മണിക്കൂറിനുള്ളിലായിരുന്നു പിന്‍വലിച്ചത്. 

എന്നാല്‍ കുഴിവെട്ട് എന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് ഇന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കടുത്ത വിമര്‍ശനമാണ് ഇത് സംബന്ധിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്. എന്‍എസ്എസിന്റെ ഭാഗമായി ചെയ്തതൊക്കെ അധ്യാപന പരിചയമാണോയെന്ന് മാത്രമാണ് കോടതി നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ടതില്ല. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ട്. കോടതിയുടെ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് വാര്‍ത്തകള്‍ നല്‍കുന്നത്. കോടതിയില്‍ സംഭവിച്ചത് അവിടെ അവസാനിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പഴയ പോസ്റ്റില്‍ വിശദീകരണവുമായി പ്രിയ രംഗത്തെത്തിയത്. 

യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വര്‍ഗീസിന്റെ  നിയമനവുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയോട് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രൊഫസര്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ്  നിയമന നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പരിഗണിച്ച ആറു പേരില്‍ പ്രിയ വര്‍ഗീസ് ഏറ്റവും പിന്നിലായിരുന്നു. റിസര്‍ച്ച് സ്‌കോറില്‍ 651 മാര്‍ക്ക് നേടി ഒന്നാമതുണ്ടായിരുന്ന ജോസഫ് സ്‌കറിയയെ പിന്നിലാക്കിയാണ് 156 മാര്‍ക്ക് മാത്രമുണ്ടായിരുന്ന പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയത്. അഭിമുഖത്തില്‍ പ്രിയക്ക് 32 മാര്‍ക്കും ജോസഫ് സ്‌കറിയക്ക് 30 മാര്‍ക്കുമാണ് ലഭിച്ചത്. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ചത് വിവാദമായതിനെ തുടര്‍ന്ന് നിയമന നടപടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു.