ഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . 2021 നവംബറില്‍ നല്‍കിയ അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യംമുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി തമിഴ്‌നാട് അനുമതി തേടുന്നത്. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ മുല്ലപ്പെരിയാര്‍ ബേബി അണക്കെട്ട് ബലപ്പെടുത്താനായി മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ ദിവസങ്ങള്‍ക്കുള്ളില്‍ കേരളം അനുമതി റദ്ദാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരളം മരംമുറിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കിയ വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇത് സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവുമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചിരുന്നു.

അണക്കെട്ട് ബലപെടുത്തുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുനഃസംഘടിപ്പിക്കപ്പെട്ട മേല്‍നോട്ട സമിതിയോട് നിര്‍ദേശിക്കണമെന്നും സുപ്രീം കോടതിയോട് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തമിഴ്നാടിന്റെ കൂടുതല്‍ ബോട്ടുകള്‍ക്ക് പെരിയാര്‍ തടാകത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നതാണ് അപേക്ഷയിലെ മറ്റൊരു ആവശ്യം.