മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് വീണ്ടും തിരിച്ചടി. എംപി ഗജാനൻ കീർത്തികർ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പാർട്ടിയായ ബാലാസാഹേബാൻചി ശിവസേനയിൽ ചേർന്നു. ഷിൻഡേയുടേയും മറ്റ് നിരവധി ശിവസേനാ നേതാക്കളുടേയും സാന്നിദ്ധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. തുടർന്ന്, കീർത്തികറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ച് താക്കറെയുടെ നേതൃത്വത്തിലുള്ള സേനാ ക്യാമ്പ് പ്രസ്താവനയുമായി രംഗത്തെത്തി.

ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് അദ്ദേഹം ആയിരുന്നു. ഏകനാഥ് ഷിൻഡെയുമായി സ്ഥിരമായി ബന്ധം പുലർത്തിയതിനാൽ കീർത്തികറിന്റെ നീക്കം അമ്പരപ്പിക്കുന്നില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശേഷം ഷിൻഡെ കീർത്തികറിന്റെ വീട് സന്ദർശിച്ചിരുന്നു. ഗണേശോത്സവത്തിനിടെ ഷിൻഡെയുടെ ഔദ്യോഗിക വസതിയായ വർഷയിൽ കീർത്തികർ പോയിരുന്നു.

ജൂണിലാണ് ബിജെപിയുടെ സഹായത്തോടെ ശിവസേനയെ പാർട്ടി പിളർത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിൽ നിന്നും താക്കറയെ താഴെ ഇറക്കിയത്. അതിന് മുൻപ് ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുണ്ടായിരുന്ന 18 ലോക്സഭാ എംപിമാരിൽ ഏക്നാഥ് ഷിൻഡെയ്ക്ക് ഒപ്പം പോകുന്ന പതിമൂന്നാമത്തെ നേതാവാണ് കിർതികാർ. ശിവസേനയുടെ 56 എംഎൽഎമാരിൽ 40 പേരും ഷിൻഡെയ്ക്ക് ഒപ്പമാണ്.