ന്യൂഡൽഹി: ലോകപ്രശസ്ത ഓട്ടോമൊബൈൽ ഭീമനായ റോൾസ് റോയ്സിന്റെ 8.70 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റോൾസ് റോയ്‌സിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ നടപടി. കണ്ടുകെട്ടിയ സ്വത്തുക്കൾ ടർബോടെക് എനർജി സർവീസസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ്. 

2019ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ റോൾസ് റോയ്സിനെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. 2000 മുതൽ 2013 വരെയാണ് കുറ്റകൃത്യത്തിന്റെ കാലയളവ്. കണ്ടുകെട്ടിയ ആസ്തികളിൽ മുംബൈയിലെ രണ്ട് ഫ്‌ലാറ്റുകളും ഒരു മ്യൂച്വൽ ഫണ്ടും ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

‘ഒഎൻജിസി, എച്ച്എഎൽ, ഗെയിൽ എന്നിവയ്ക്ക് മുമ്പാകെ നൽകിയ വിവിധ പർച്ചേസ് ഓർഡറുകളുടെ കാര്യത്തിൽ ഉടമ്പടി ലംഘിച്ച് അശോക് പട്നിക്കും അദ്ദേഹത്തിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും പണം നൽകിയതായി റോൾസ് റോയ്സ് സമ്മതിച്ചുവെന്ന് ഇഡി പ്രസ്താവനയിൽ അറിയിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) എന്നിവയുമായി റോൾസ് റോയ്സ് സ്‌പെയർ പാർട്സും സേവനങ്ങളും വിതരണത്തിനായി കരാറിൽ ഏർപ്പെട്ടിരുന്നു. 

ആഷ്മോർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി അശോക് പട്നിയെ റോൾസ് റോയ്സ് നിയമിച്ചു. സ്പെയർ പാർട്സുകളുടെയും സേവനങ്ങളുടെയും വിതരണത്തിന്റെ കാര്യത്തിൽ, റോൾസ് റോയ്സ്, ആഷ്മോർ പ്രൈവറ്റ് ലിമിറ്റഡിന്റെ അശോക് പട്നിക്കിന് കമ്മീഷൻ നൽകി. വ്യാജ കരാറുകളുടെ മറവിൽ കമ്മീഷൻ പേയ്മെന്റുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇഡി കൂട്ടിച്ചേർത്തു.