ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കുറിച്ചുള്ള ടിഎംസി മന്ത്രി അഖില്‍ ഗിരിയുടെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി. ആളുകളെ അവരുടെ രൂപം കൊണ്ടല്ല തൃണമൂല്‍ കോണ്‍ഗ്രസ് വിലയിരുത്തുന്നതെന്ന് പറഞ്ഞ ശേഷം മന്ത്രി അഖില്‍ ഗിരി, രാഷ്ട്രപതി മുര്‍മുവിന്റെ ഉദാഹരണം  പറയുന്നതായാണ് വൈറലായ ഒരു വീഡിയോയില്‍ കാണുന്നത്. ബിജെപിയുടെ അമിത് മാളവ്യ ഈ വീഡിയോ പങ്കിടുകയും മന്ത്രി അഖില്‍ ഗിരി രാഷ്ട്രപതിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 

‘മമതാ ബാനര്‍ജിയുടെ മന്ത്രിസഭയിലെ മന്ത്രിയായ അഖില്‍ ഗിരി, ഞങ്ങള്‍ രൂപത്തെ കാര്യമാക്കുന്നില്ല  പക്ഷേ നിങ്ങളുടെ രാഷ്ട്രപതി എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ച് രാഷ്ട്രപതിയെ അപമാനിക്കുന്നു’. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പരാമര്‍ശത്തെ അപലപിച്ച ബംഗാള്‍ ബിജെപി മമത ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും ആദിവാസി വിരുദ്ധരാണെന്ന് പറഞ്ഞു.

‘രാഷ്ട്രപതി ദ്രൗപതി മുര്‍മു, ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളാണ്. വനിതാ ക്ഷേമ വകുപ്പിലെ മറ്റൊരു മന്ത്രി ശശി പഞ്ജയുടെ സാന്നിധ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് മന്ത്രി അഖില്‍ ഗിരി അവരെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി. മമതാ ബാനര്‍ജിയും ടിഎംസിയും ആദിവാസി വിരുദ്ധരാണ്,’ ബിജെപിഒരു ട്വീറ്റില്‍ പറഞ്ഞു.നേരത്തെ കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിളിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തന്റെ പരാമര്‍ശത്തില്‍ പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.