അഹമ്മദാബാദ്: പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസില്‍ ചേരും. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം 2017 ല്‍ രാജിവച്ചതിന് ശേഷമാണ് വഗേല രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന കോണ്‍ഗ്രസ് ബന്ധവും ഉപേക്ഷിച്ചത്. രണ്ടാഴ്ച മുമ്പ്, വഗേലയുടെ മകനും രണ്ട് തവണ എംഎല്‍എയുമായ മഹേന്ദ്രസിങ് വഗേല സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പാര്‍ട്ടി ആസ്ഥാനത്ത് 58 കാരനായ വഗേലയെ സ്വാഗതം ചെയ്തു.

2012 നും 2017 നും ഇടയില്‍ വടക്കന്‍ ഗുജറാത്തിലെ ബയാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മഹേന്ദ്രസിങ്, 2017 ആഗസ്റ്റില്‍, നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ശങ്കര്‍സിങ് വഗേലയും മകന്‍ മഹേന്ദ്രസിംഗും ഉള്‍പ്പെട്ടിരുന്നു. 

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമാണ് ശങ്കര്‍സിങ് വഗേല. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചപ്പോള്‍ ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.

അടുത്തിടെ വഗേല പ്രജാ ശക്തി ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. വഗേല കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നും നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസും താല്‍പര്യം പ്രകടിപ്പിച്ചു.

ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 8 ന് നടക്കും.