തിരുവനന്തപുരം: ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെ കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന്​​ നീക്കി​ സർക്കാർ ഉത്തരവ്​. കൽപിത സർവകലാശാലകൾക്ക്​ ബാധകമായ 2019ലെ യു.ജി.സി റെഗുലേഷൻ വ്യവസ്ഥ ഉപയോഗിച്ചാണ്​ നടപടി​. സംസ്ഥാനത്തെ ​14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്​ ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന്​ കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇത്​ ഗവർണറുടെ അംഗീകാരത്തിന്​ അയക്കാനിരിക്കെയാണ്​ അപ്രതീക്ഷിത നീക്കത്തിലൂടെ കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ പദവിയിൽനിന്ന്​ ഗവർണറെ നീക്കി ഉത്തരവിറക്കിയത്​.

ഗവർണർക്ക്​ ചാൻസലർ പദവി വ്യവസ്ഥ ചെയ്യുന്ന കലാമണ്ഡലത്തിന്‍റെ ചട്ടങ്ങളടങ്ങിയ മെമ്മോറാണ്ടം ഓഫ്​ അസോസിയേഷനിൽ ഭേദഗതി വരുത്തി സാംസ്കാരിക വകുപ്പ്​ ഉത്തരവിറക്കിയതോടെയാണ്​ ഗവർണർ ചാൻസലർ പദവിയിൽനിന്ന്​ പുറത്തായത്​. ഗവർണർക്ക്​ പകരം കലാ -സാംസ്കാരിക മേഖലയിലെ പ്രഗല്​ഭനായ വ്യക്തിയെ ചാൻസലറായി വ്യവസ്ഥ ചെയ്യുന്ന രീതിയിലാണ്​ ചട്ടത്തിൽ ഭേദഗതി വരുത്തിയത്​. പുതിയ ചാൻസലർ ചുമതലയേൽക്കുംവരെ പ്രോ ചാൻസലറായ സാംസ്കാരിക വകുപ്പ്​ മന്ത്രിക്കായിരിക്കും ചുമതല.

യു.ജി.സി റെഗുലേഷൻ പ്രകാരം കൽപിത സർവകലാശാലയുടെ സ്​പോൺസറിങ്​ ബോഡിയാണ്​ ചാൻസലറെ നിയമിക്കേണ്ടത്​. സംസ്ഥാന സർക്കാറാണ്​ ​കലാമണ്ഡലത്തിന്‍റെ സ്​പോൺസറിങ്​ ബോഡി. ഈ അധികാരമാണ് ചാൻസലറെ മാറ്റാൻ​ സർക്കാർ ഉപയോഗിച്ചത്​. യു.ജി.സി റെഗുലേഷൻ പ്രകാരം കൽപിത സർവകലാശാലയിൽ ചാൻസലർ നിയമനം അഞ്ച്​ വർഷത്തേക്കാണ്​. ഒരുതവണ കൂടി നീട്ടി നൽകി പരമാവധി 10 വർഷംവരെ ഒരാൾക്ക്​ ചാൻസലർ പദവിയിൽ തുടരാം. ഈ വ്യവസ്ഥയും മെമ്മോറാണ്ടം ഓഫ്​ അസോസിയേഷനിൽ ഉൾപ്പെടുത്തി. 75 വയസ്സ്​​ കഴിഞ്ഞവർ ചാൻസലർ പദവിയിലിരിക്കാൻ പാടില്ലെന്നും ചേർത്തിട്ടുണ്ട്​.

2006ലാണ്​ കലാമണ്ഡലം കൽപിത സർവകലാശാല പദവിയിലെത്തുന്നത്​. ഗവർണർക്ക്​ ചാൻസലർ പദവി നൽകിയ മെമ്മോറാണ്ടം ഓഫ്​ അസോസിയേഷൻ 2007ലാണ്​ സർക്കാർ അംഗീകരിച്ചത്​. ഇതുപ്രകാരം ഗവർണർ പദവിയിലിരിക്കുന്നവർക്ക് പരമാവധി 2017 വരെയേ കലാമണ്ഡലത്തിന്‍റെ ചാൻസലർ പദവിയിൽ തുടരാനാകൂവെന്ന്​ ചൂണ്ടിക്കാട്ടി വി.സിയായിരുന്ന ഡോ.ടി.കെ. നാരായണൻ 2019ൽ സർക്കാറിന്​ കത്ത്​ നൽകിയിരുന്നു. എന്നിട്ടും സാംസ്കാരിക വകുപ്പ്​ ഗവർണറെ ചാൻസലർ പദവിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു.

ഇപ്പോൾ സർക്കാറും ഗവർണറും ഇടഞ്ഞതോടെ കലാമണ്ഡലത്തിൽ സർക്കാറിനുള്ള അധികാരം ഉപയോഗിച്ച്​ ഗവർണറെ ചാൻസലർ പദവിയിൽനിന്ന്​ മാറ്റുകയായിരുന്നു​.