തിരുവനന്തപുരം: കത്ത് വിവാദത്തെ ചൊല്ലി തിരുവനന്തപുരം കോർപറേഷനിൽ ഇന്നും കനത്ത പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് ഇത് തുടർച്ചയായി നാലാം ദിനമാണ് യൂത്ത് കോൺഗ്രസ് കോർപറേഷനിലേക്ക് പ്രതിഷേധവുമായി എത്തുന്നത്.  

ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാര്‍ നഗരസഭാ കവാടം ബലമായി അടച്ചു. യുവമോർച്ച മാർച്ച് അൽപസമയത്തിനകം നടക്കും. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിനിടെ, പ്രതിഷേധ പ്രകടനവുമായി മഹിളാ കോൺഗ്രസും രംഗത്തെത്തി. കെട്ടിടത്തിനകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാതിവയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.  നഗരസഭയില്‍ സമരം പ്രതിപക്ഷത്തിന്‍റെ ആവശ്യവും അവകാശവുമാണ്. മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങള്‍ ജനങ്ങളോട് കാര്യം പറയും. വിവാദ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെ കുറിച്ച് അറിയില്ലെന്നും അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.പ്രതിഷേധം നടത്താന്‍ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ്മേയർ രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് എംവി ഗോവിന്ദനും അറിയിച്ചു. 

അതേസമയം, നിയമനക്കത്തുവിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങളെപ്പറ്റി മേയര്‍ക്ക് പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നവംബര്‍ 25 ന് വീണ്ടും പരിഗണിക്കും.