തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലര്‍ എന്ന രീതിയിലായിരിക്കും പുതിയ ഓര്‍ഡിനന്‍സ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഗവർണറെ ചാന്‍സിലറുടെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനവും വിദ്യാഭാസ രംഗത്തെ പരിഷ്ക്കരണങ്ങളുടെ ഭാഗമാണെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു. 

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, സംസ്‌കൃത സര്‍വകലാശാലകള്‍ക്ക് പൊതുവായി ഒരു ചാന്‍സലറെയാവും നിയമിക്കുക. സാങ്കേതിക സര്‍വകലാശാല, കുസാറ്റ്, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയ്ക്ക് പൊതുവായ ചാന്‍സലര്‍ ഉണ്ടാവും. കാര്‍ഷിക, ആരോഗ്യ, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരെ നിയോഗിക്കുമെന്നും ബിന്ദു പറഞ്ഞു.

ഓർഡിനന്‍സിന്‍റെ കൂടുതൽ വിശദാംശങ്ങൾ ഇതിനോടകം സർക്കാർ പരസ്യപ്പെടുത്തി. ചാന്‍സലര്‍ പദവിയിൽ അക്കാദമിക്ക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കും. സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തി ഉടന്‍ ഓർഡിനന്‍സ് ഇറക്കും. 14 സർവകലാശാലകളിൽ ഗവർണർ ചാന്‍സലർ എന്ന വകുപ്പ് നീക്കും. തീരുമാനം ഇതിനോടകം പൂഞ്ചി കമ്മീഷന്‍ ശൂപാർശ പരിഗണിച്ചതായും സർക്കാർ. വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരാണ് ചാൻസലർ ആയിട്ടുള്ളതെന്നും അതാണ് ഇവിടേയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു.