ന്യൂഡല്‍ഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വായുവിന്റെ ഗുണനിലവാരം കുറയുന്നതിന്റെ പേരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. എയർ ക്വാളിറ്റി മാനേജ്‌മെന്റ് സംബന്ധിച്ച കേന്ദ്ര പാനലാണ് വായുഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടതോടെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) ഡൽഹിയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) ലെവൽ 4 ചുമത്താനുള്ള തീരുമാനം അസാധുവാക്കി, പകരം ലെവൽ 3ന് കീഴിലുള്ള നിയന്ത്രണങ്ങൾ ഈ മേഖലയിൽ തുടരും.

“GRAP സ്‌റ്റേജ് 4ൽ പറഞ്ഞിരിക്കുന്നതിനേക്കാൾ കർശനമായ നടപടികളൊന്നുമില്ല, അത് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാവുന്നതാണ്” പാനൽ വ്യക്തമാക്കി. ഡൽഹിയുടെ നിലവിലെ AQI ലെവൽ ഏകദേശം 339 ആയതിനാൽ, GRAP സ്‌റ്റേജ് 4 പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതില്ല. AQI 450ന് മുകളിൽ ആണെങ്കിലാണ് സ്‌റ്റേജ് 4 നടപടികൾ സ്വീകരിക്കേണ്ടത്. നിലവിൽ ഇവിടെ വായുഗുണ നിലവാരം നിലനിർത്താനുള്ള സാധ്യതയുണ്ട്. ഐഎംഡി/ഐഐടിഎം പ്രവചനം കുത്തനെയുള്ള തകർച്ചയെ സൂചിപ്പിക്കുന്നില്ല” പാനൽ പറഞ്ഞു.

“ഈ സാഹചര്യം കണക്കിലെടുത്ത് നവംബർ 3ന് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ റദ്ദാക്കാനാണ് തീരുമാനം. എന്നാൽ അതിന് മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. GRAP സ്‌റ്റേജ് 1 മുതൽ 3 വരെയുള്ള നിയന്ത്രണങ്ങളാണ് ഇവിടെ തുടരുക.വിവിധ ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിക്കും. ഇനിയും ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങാതിരിക്കാൻ ശ്രദ്ധ പുലർത്തണം” പാനൽ കൂട്ടിച്ചേർത്തു.

അതേസമയം, നിയന്ത്രണങ്ങൾ നീക്കിയതോടെ ഡീസൽ വാഹനങ്ങൾ ഇനി ഡൽഹിയിലേക്ക് കടത്തിവിടും. GRAP 4 പ്രകാരം ഡീസൽ വാഹനങ്ങൾ ഇവിടെ നിരോധിച്ചിരുന്നു. എന്നാൽ GRAP 3ൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾക്ക് കീഴിൽ വരുന്നതിനാൽ അനിവാര്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം ഡൽഹിയിൽ തുടരും.