തിരുവനന്തപുരം: കണ്ണൂര്‍ തലശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പോലീസിനു ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസിനു വകതിരിവുണ്ടായതെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് തലശേരി പോലീസ് അനങ്ങിയത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

കേരളത്തില്‍ പോലീസിന്‍റെ സംരക്ഷണം ഇരയ്ക്കാണോ അതോ വേട്ടക്കാര്‍ക്കാണോ എന്നും സതീശന്‍ വിമര്‍ശിച്ചു.

തലശേരിയില്‍ വ്യാഴാഴ്ച രാത്രിയാണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിയ കുട്ടിയെ യുവാവ് ചവിട്ടിതെറിപ്പിച്ചത്. കണ്ടുനിന്നവർ പരാതിപെട്ടപ്പോൾ പൊന്ന്യം പാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് ശേഷമാണ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.