കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി പി രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് ബാലുശേരി കോട്ടൂരിലെ വീട്ടുവളപ്പില്‍ നടക്കും. രാവിലെ ഒമ്പതു മുതല്‍ 11 വരെമൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

1959 ല്‍ പേരാമ്പ്ര പാലേരിയിലാണ് ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. കുറച്ചുകാലം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു.കലിക്കറ്റ് സര്‍വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക വകുപ്പില്‍ കെ സി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

‘കെ ടി എന്‍  കോട്ടൂര്‍: എഴുത്തും ജീവിതവും’ എന്ന നോവലിന് 2014 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പിന്നീട് ഇത് ‘ഞാന്‍’ എന്ന പേരില്‍ സിനിമയായി. ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന നോവലും സിനിമയായി. വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, വയല്‍ക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം, വെറ്റിലചെല്ലം എന്നിവയാണ് പ്രധാന കൃതികള്‍. പുറപ്പെട്ടുപോകുന്ന വാക്ക് (യാത്രാവിവരണം), അതേ ആകാശം അതേ ഭൂമി(ലേഖനസമാഹാരം) എന്നിവയാണ് മറ്റു കൃതികള്‍.

ഭാര്യ: പി ആര്‍ സാധന. മക്കള്‍: ശ്രീദേവി, പാര്‍വതി  മരുമകന്‍: ശ്യാം സുധാകരന്‍