തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ പൊലീസ് നടപടികൾ കെെക്കൊണ്ടുതുടങ്ങി. കഴിഞ്ഞയാഴ്ച നടന്ന 100-ാം ദിവസത്തെ സമരം അക്രമാസക്തമായതിനു പിന്നാലെയാണ് കടുത്ത നടപടികളുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. തുറമുഖ വിരുദ്ധ സമരത്തിൽ ഇതുവരെ 102 പേർക്കെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു. പൊതുമുതൽ നശിപ്പിക്കുക, സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയുക, പൊലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തക, മാദ്ധ്യമ പ്രവർത്തകരെ മർദ്ദിക്കുക തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. 

എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൂടാതെ സമരത്തിൽ അക്രമം കാട്ടിയ  കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമരസ്ഥലത്ത് ആളെയെത്തിച്ച നിരവധി വാഹനങ്ങൾക്ക് എതിരെയും പൊലീസ് കേസെടുത്ത് നോട്ടീസ് നൽകിത്തുടങ്ങി. പൊലീസ് കടുത്ത നടപടികൾ ആരംഭിച്ചതോടെ പ്രതിഷേധത്തിൽ അയവു വന്നിട്ടുണ്ടെന്നുള്ള സൂചനകളാണ് കാണാൻ സാധിക്കുന്നതും. അതേസമയം സമരം കെട്ടടങ്ങുമ്പോൾ പൊലീസ് സ്വമേധയാ എടുത്ത കേസുകൾ പിൻവലിക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാൽ വ്യക്തികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലുള്ള കേസുകൾ പിൻവലിക്കാനാവില്ലെന്നുള്ളതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

ഇതിനിടെ വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. രാവിലെ മുതൽ വൈകിട്ടുവരെ മഴയും വെയിലുമേറ്റ് സമരസ്ഥലത്ത് ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് ആവശ്യമായ സുരക്ഷയോ സൗകര്യമോ ഇല്ലെന്നുള്ള സപരാതിയും ഉയർന്നിട്ടുണ്ട്. വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവുമില്ലെന്നുള്ള പരാതികളാണ് കൂടുതലും ഉയർന്നിരിക്കുന്നത്. പ്രഥമിക സൗകര്യങ്ങൾ നിർവ്വഹിക്കാൻ രാത്രിവരെ കാത്തിരിക്കേണ്ട ഗതികേടിലാണ് വനിതാ പൊലീസുകാർ. രാത്രിയിൽ പലപ്പോഴും സമീപത്തെ വീടുകളെയാണ് ഇവർ ഇതിനായി ആശ്രയിക്കുന്നത്. 

എന്നാൽ വിഴിഞ്ഞം സമരത്തിന് എതിരെ സമരം നടത്തുന്ന ജനകീയ കൂട്ടായ്മ പൊലീസിന് എതിരെ രംഗത്തെത്തിയിരുന്നു. കോടതി വിധി നടപ്പാക്കാൻ കൂട്ടാക്കാതെ പൊലീസ് സമരക്കാരെ സംരക്ഷിക്കുകയാണെന്നാണ് ജനകീയ കൂട്ടാ‌യ്‌മ ആരോപണം ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ പൊലീസ് സേനയ്ക്കുള്ളകിലും അമർഷമുണ്ടെന്നുള്ള സൂചനകളും പുറത്തു വന്നിട്ടുണ്ട്. സമരം നീളുന്നതിൽ പൊലീസ് സേന അസ്വസ്ഥരാണെന്നാണ് പുറത്തു വരുന്ന സൂചനകൾ. നീളുന്നതിൽ പൊലീസിൽ അമർഷം. ഈ സമരവും സമരത്തിനെതിരെ ജനകീയ കൂട്ടായ്‌മയും പൊലീസിനെ വലയ്ക്കുന്നുണ്ട്. കടുത്ത സമ്മദ്ദത്തിലാണ് പൊലീസ് സേനയിലെ പല ഉദ്യോഗസ്ഥരും ജോലിയെടുക്കുന്നത്. 

രാഷ്ട്രീയ പാർട്ടികൾ വഴിഞ്ഞം സമരത്തിന് എതിരെ രംഗത്തെത്തിയതോടെ പൊലീസിന് ഇരട്ടിപ്പണിയായിരിക്കുകയാണ്. ലത്തീൻ കത്തോലിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന തുറമുഖ വിരുദ്ധ സമരത്തിൽ പൊലീസുകാർക്ക് പരിക്കു പറ്റുന്നുണ്ട്. തുടർച്ചയായ റാലിയും തള്ളിക്കയറ്റവും ചെറുക്കുന്നതിനിടെ നിരവധി പൊലീസുകാർക്കാണ് പരിക്കേറ്റത്. എന്നിട്ടും സംയമനം പാലിച്ച് സമരക്കാർക്കെതിരെ നടപടിയെടുക്കാതെ എല്ലാം കടിച്ചുപിടിച്ച് സഹിക്കേണ്ടിവരുന്നത് പൊലീസിനെ വലിയ രീതിയിലാണ് സമ്മർദ്ദത്തിലാക്കുന്നത്.