ന്യൂഡൽഹി: 134 പേരുടെ മരണത്തിനിടയാക്കിയ മോർബി പാലം ദുരന്തത്തിൽ ഗുജറാത്തിലെ ബി.ജെ.പി സർക്കാരിനെതിരെ ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉടൻ രാജിവെക്കണമെന്നും സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും കെജ്‌രിവാൾ പറഞ്ഞു.

“മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ല. അദ്ദേഹം ഉടൻ രാജിവച്ച് തെരഞ്ഞെടുപ്പ് നേരിടണം”- കെജ്‌രിവാൾ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിലാണ് കെജ്‌രിവാൾ. അഴിമതിയുടെ ഫലമായാണ് ദുരന്തമുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

ക്ലോക്കുകൾ നിർമിക്കുന്ന ഒരു കമ്പനിക്ക് എന്തിനാണ് പാലത്തിന്റെ ടെൻഡർ നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നാണ് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. കേസിലെ എഫ്‌.ഐ.ആറിൽ കമ്പനിയെയോ അതിന്റെ ഉടമകളെയോ പരാമർശിക്കുന്നില്ല. കമ്പനി ഉടമകളിൽ നിന്ന് ഭരണകക്ഷിക്ക് വൻ തുക സംഭാവന ലഭിച്ചതായി ആരോപണമുണ്ടെന്നും ഇത്തരം ആരോപണങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.