വധുവിനെ കണ്ടെത്തിയത് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് പിന്നാലെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാനൊരുങ്ങി 2.3 അടി ഉയരമുള്ള യുവാവ്. ഉത്തര്‍ പ്രദേശിലെ ഷാംലി ജില്ല സ്വദേശിയാണ് അസീം മന്‍സൂരി. 2.3 അടി മാത്രമാണ് ഈ യുവാവിന്‍റെ ഉയരം. നവംബറില്‍ നടക്കാന്‍ പോകുന്ന വിവാഹത്തിലേക്ക് പ്രധാനമന്ത്രിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ക്ഷണിക്കാനൊരുങ്ങുകയാണ് ഈ ചെറുപ്പക്കാരന്‍. പ്രധാനമന്ത്രിയെ ദില്ലിയില്‍ ചെന്ന് ക്ഷണിക്കാനാണ് അസീം തീരുമാനിച്ചിട്ടുള്ളത്.

വിവാഹിതനാവാന്‍ തീരുമാനിച്ചതിന് പിന്നാലെ അസീം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഉയരക്കുറവായിരുന്നു. വിവാഹക്കാര്യം സംസാരിച്ച് നേരത്തെ രാഷ്ട്രീയക്കാരുമായി അസീം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുമുണ്ട്.നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന അഖിലേഷ് യാദവിനോട് വധുവിനെ കണ്ടെത്തി തരാന്‍ സഹായം തേടി അസീം എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ 2.3അടിക്കാരന് സ്വയം വധുവിനെ തേടി അലഞ്ഞ ശേഷമായിരുന്നു അഖിലേഷ് യാദവിനെ കണ്ടത്. വര്‍ഷങ്ങളുടെ പ്രയത്നത്തിന് ഒടുവിലാണ് ഹാപ്പറില്‍ നിന്നാണ് അസീമിന് അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

2021 മാര്‍ച്ചിലാണ് 3 അടിക്കാരിയായ ബുഷറയെ അസീം കണ്ടെത്തുന്നത്. 2021ല്‍ വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും ബുഷറയുടെ ബിരുദ പഠനം കഴിയുന്നത് വരെ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു അസീം. നവംബര്‍ 7നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിനായി പ്രത്യേക വസ്ത്രങ്ങളും അസീം തന്നെ തയ്യാറാക്കിയിട്ടുണ്ട്. കൈരാന സ്വദേശികളുടെ ആറുമക്കളില്‍ ഇളയവനാണ് അസീം. കോസ്മെറ്റിക് കട നടത്തിയാണ് അസീം ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. സ്കൂള്‍ പഠനകാലത്ത് ഉയരക്കുറവ് മൂലം നേരിട്ട പരിഹാസം താങ്ങാനാവാതെയാണ് അസീം പഠനം നിര്‍ത്തിയത്.