അകോല: ശവസംസ്‌കാര ശുശ്രൂഷക്കായി ശ്മശാനത്തിലേക്ക് പോകുകയായിരുന്ന മൃതദേഹത്തിന് ജീവന്‍വെച്ചു. മഹാരാഷ്ട്രയിലെ അകോലയിലെ വിവ്ര ഗ്രാമത്തില്‍ നിന്നുമാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്.ഇവിടെ ഒരു യുവാവിന്റെ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് മരണപ്പെട്ടെന്ന് കരുതിയ ആള്‍ ജീവനോടെ എണീറ്റിരുന്നു.ഈ കാഴ്ച കണ്ട് എല്ലാവരും ഞെട്ടി.നിലവില്‍ പോലീസ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുകയാണ്.

മരണപ്പെട്ടെന്ന് കരുതിയ യുവാവ് പ്രശാന്ത് മെസ്രെ ഹോം ഗാര്‍ഡാണ് എന്നാണ് വിവരം. അകോലയിലെ വിവ്ര ഗ്രാമവാസിയാണ് ഇയാള്‍. ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ മടങ്ങിയെത്തിതിന് പിന്നാലെയാണ് യുവാവ് മരിച്ചതെന്നാണ് വിവരം.തുടര്‍ന്ന് പ്രശാന്തിന്റെ കുടുംബാംഗങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ മൃതദേഹം പെട്ടെന്ന് ശ്വസിക്കാന്‍ തുടങ്ങി.ഇത് കണ്ട് ആളുകള്‍ ഞെട്ടുകയും യുവാവിന്റെ രക്ഷിതാക്കള്‍ അവനെ ദേവി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിചടെ വെച്ച് യുവാവിന് ജീവന്‍ ലഭിച്ചു.ഇത് ദേവിയുടെ അത്ഭുതമാണെന്ന് തന്ത്രി ദീപക് ബോര്‍ലെ അവകാശപ്പെട്ടു.

ഈ സംഭവത്തില്‍, മരണശേഷം ജീവന്‍ ലഭിച്ചെന്ന് അവകാശപ്പെട്ട യുവാവിന്റെ രക്ഷിതാക്കള്‍  സംഭവങ്ങള്‍ വിവരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ തയ്യാറായിട്ടില്ല.അതേസമയം ഇത് വഞ്ചനയും അന്ധവിശ്വാസപരമായ സംഭവവുമാണെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.ഇതോടെ ഗ്രാമത്തിലെ ജനങ്ങള്‍ ഭീതിയിലാവുകയും ചെയ്തു. സംഭവത്തിന് ശേഷം പോലീസ് ഉടന്‍ തന്നെ യുവാവിനെയും മാതാപിതാക്കളെയും തന്ത്രിയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു.ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും പോലീസ് അറിയിച്ചു.

‘തന്ത്രി ഉള്‍പ്പെടെയുള്ള മേസ്രെ കുടുംബത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചു. ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്, സംഭവത്തെക്കുറിച്ച് അകോല അഡീഷണല്‍ എസ്പി മോണിക്ക റാവത്ത് പറഞ്ഞു,