ഇന്ത്യയും ചൈനയും പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ചൈനീസ് പ്രതിനിധി സണ്‍ വെയ്ഡോംഗ്. ചൈനീസ് അംബാസഡറായുളള കാലവധി അവസാനിച്ച് രാജ്യത്തേക്ക് മടങ്ങുന്നതിനുമുന്‍പുളള വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രണ്ട് വര്‍ഷത്തിലധികമായി തുടരുകയാണ്.

ഇന്ത്യയിലെ ചൈനീസ് അംബാസഡറായി സേവനമനുഷ്ഠിക്കുമ്പോള്‍ സണ്‍ ഇന്ത്യ-ചൈന  തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 2020 മെയ് ഗാല്‍വാന്‍ തര്‍ക്കത്തിന് ശേഷം, ഇന്ത്യയും ചൈനയും പൊതുവായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അംബാസഡര്‍ പറഞ്ഞു.
തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്നങ്ങള്‍ക്ക് പരിഹാരവും ചര്‍ച്ചയും ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സ്ഥാനമൊഴിയുന്ന ചൈനീസ് പ്രതിനിധി പറഞ്ഞു .

‘വ്യത്യാസങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. രണ്ട് രാജ്യങ്ങളുടെയും പൊതു താല്‍പ്പര്യങ്ങള്‍ വ്യത്യാസങ്ങളേക്കാള്‍ വലുതാണെന്ന് നാം അറിഞ്ഞിരിക്കണം. അതേസമയം, അഭിപ്രായവ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ഇരുപക്ഷവും ശ്രമിക്കണം. ചര്‍ച്ചകളിലൂടെ ശരിയായ പരിഹാരം കാണുന്നതിനും ശ്രമിക്കണം. ചൈന-ഇന്ത്യ ബന്ധം വ്യത്യാസങ്ങള്‍ കൊണ്ട് നിര്‍വചിക്കുന്നതിന് പകരം കൂടിയാലോചനയാണ് വേണ്ടത് ‘ അദ്ദേഹം പറഞ്ഞു.

ഇടപെടാത്ത നയത്തിന് വേണ്ടി വാദിച്ച അദ്ദേഹം, ‘തെറ്റായ കണക്കുകൂട്ടലും തെറ്റിദ്ധാരണയും’ ഒഴിവാക്കാന്‍ ഇരുപക്ഷവും പരസ്പര ധാരണ ആഴത്തിലാക്കണമെന്നും പറഞ്ഞു.’ഇരു രാജ്യങ്ങളും പരസ്പരം രാഷ്ട്രീയ സംവിധാനങ്ങളെയും വികസന പാതകളെയും ബഹുമാനിക്കുകയും പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്ന തത്വം പാലിക്കുകയും വേണം,’ ചൈനീസ് പ്രതിനിധി പറഞ്ഞു.

ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നല്‍കി. ‘ഇതുവരെ, 1800-ലധികം വിസകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുണ്ട്, രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ഇനിയും കൂടുതല്‍ സന്ദര്‍ശനങ്ങള്‍ നടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.