മോസ്‌കോ: എഞ്ചിൻ തകരാറിനെ തുടർന്ന് റഷ്യൻ യുദ്ധ വിമാനം അസോവ് കടലിലെ യെസ്‌ക് തുറമുഖത്തെ ജനവാസ മേഖലയിൽ തകർന്നുവീണതായി സൈന്യം. അപകടത്തിൽ രണ്ട് പേർ മരിച്ചതായി സൈന്യം അറിയിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം. വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ കെട്ടിടത്തിൽ വൻ അഗ്നിബാധയുണ്ടായി.  

വൻ തീപിടിത്തത്തിൽ ഒമ്പതു നിലകളുള്ള കെട്ടിടത്തിന്റെ നിരവധി നിലകളിൽ തീ പടർന്നതായും 17 അപ്പാർട്ട്മെന്റുകളെ ബാധിച്ചതായും പ്രാദേശിക അധികാരികൾ അറിയിച്ചു. ടേക്ക് ഓഫിനിടെ എഞ്ചിനുകളിൽ ഒന്നിന് തീപിടിച്ചതിനെ തുടർന്ന് എസ്.യു34 ബോംബറാണ് തകർന്നത്. പരിശീലന ദൗത്യത്തിനായി പറന്നുയർന്ന വിമാനമാണ് തകർന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തുകടന്നു. ഇന്ധനം പൊട്ടിത്തെറിച്ചതിനാൽ വൻ തീപിടിത്തമാണുണ്ടായത്. പറക്കലിനിടെ വിമാനത്തിന്റെ ഒരു എൻജിന് തീപിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. തീ അണയ്ക്കാൻ അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റീജിയണൽ ഗവർണർ വെനിയമിൻ കോൺട്രാത്വേവ് അറിയിച്ചു.

രണ്ട് താമസക്കാർ കൊല്ലപ്പെടുകയും 19 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക എമർജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായങ്ങളും എത്തിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ ഉത്തരവിട്ടു. റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

ക്രൈമിയൻ ഉപദ്വീപിന് അഭിമുഖമായി അസോവ് കടലിന്റെ തീരത്താണ് യെയ്സ്‌ക് നഗരം സ്ഥിതി ചെയ്യുന്നത്. റഷ്യൻ വ്യോമസേനയുടെ പ്രധാന സ്ട്രൈക്ക് ഘടകമായ അത്യാധുനിക സെൻസറുകളും ആയുധങ്ങളും സജ്ജീകരിച്ചിരിക്കുന്ന സൂപ്പർസോണിക് ഇരട്ട എഞ്ചിൻ ബോംബറാണ് എസ്.യു34. സിറിയയിലെ യുദ്ധസമയത്തും ഉക്രെയ്‌നിലെ യുദ്ധസമയത്തും ഈ വിമാനം വ്യാപകമായി ഉപയോഗിച്ചു.