പശ്ചിമ ബംഗാളിലെ ഹല്‍ദിയയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐഒസിഎല്‍) റിഫൈനറിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ റിഫൈനറിക്കുള്ളിലെ ഗ്യാസ് ടാങ്കറിന്റെ പൈപ്പില്‍ ചൂടുവെള്ളം വീണാണ് അപകടമുണ്ടായത്. നാഫ്ത ഗ്യാസൊലൈന്‍ പൈപ്പില്‍ വെള്ളം കയറിയപ്പോള്‍ തീപിടിക്കുകയും തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മൂന്ന് തൊഴിലാളികളെ റിഫൈനറിക്കടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക് റഫര്‍ ചെയ്തു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്വേഷണങ്ങള്‍ക്കായി സംഭവസ്ഥലം ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. 

ഏതാനും മാസങ്ങള്‍ക്കുമുമ്പ് നാഫ്ത ടാങ്കര്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം നടന്നിരുന്നു. ഇത് നിരവധി ജീവന്‍ അപഹരിക്കുകയും 42 ഓളം തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഭവം നടന്ന റിഫൈനറി ഉള്‍പ്പെടെ നിരവധി ഫാക്ടറികളുടെ ഉടമകളുമായി ജില്ലാ മജിസ്ട്രേറ്റ് ചര്‍ച്ചയും നടത്തി. തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രദേശത്ത് ഉയര്‍ന്ന നിലയിലുള്ള ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് തൊഴിലാളികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.