രാജ്യത്തെ കറൻസി ദുർബലമായിട്ടില്ലെന്നും യഥാർഥത്തിൽ ഡോളർ ശക്തിപ്പെടുകയാണുണ്ടായതെന്നും ധമനന്ത്രി നിർമല സീതരാമൻ. രൂപയുടെ മൂല്യം ദിനംപ്രതിയെന്നോണം ഇടിയുന്നത് മുന്നിൽ കാണുന്നവർ മന്ത്രിയുടെ പരാമർശം വിവാദമാക്കിയത് സ്വാഭാവികം.

മറ്റ് വികസ്വര വിപണികളിലെ കറൻസികളുമായി താരതമ്യംചെയ്യുമ്പോൾ മികച്ച പ്രകടനമാണ് ഇന്ത്യൻ രൂപ കാഴ്ചവെച്ചതെന്ന് വാഷിങ്ടൺ ഡിസിയിൽ മാധ്യമങ്ങളോട് മന്ത്രി പ്രതികരിക്കുകയും ചെയ്തു. ചാഞ്ചാട്ടം തടയാൻ റിസർവ് ബാങ്ക് കർശന നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും രൂപ അതിന്റേതായ നിലവാരം കണ്ടെത്തെന്നുമെന്നുമാണ് അവർ പ്രതികരിച്ചത്. പ്രതിപക്ഷവും സോഷ്യൽ മീഡിയയും മന്ത്രിയുടെ അവകാശ വാദത്തെ വിമർശിക്കുകയുംചെയ്തു. 

ഡോളർ കരുത്തുനേടുന്നു
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വിലക്കയറ്റം പിടിച്ചുനിർത്താൻ തുടർച്ചയായി നിരക്ക് കൂട്ടിയതോടെ ഡോളർ സൂചിക 20 വർഷത്തെ ഉയർന്ന നിലയിലെത്തിയെന്നത് വാസ്തവം. 112.80 നിലവാരത്തിലാണ് ഡോളർ സൂചികയിപ്പോൾ. അതായത് ആഗോളതലത്തിൽ ഡോളർ ശക്തിപ്രകടനം നടത്തുന്നു. ഡോളർ ശക്തമാകുമ്പോൾ മറ്റ് കറൻസികളെ അത് ബാധിക്കുമെന്നത് സ്വാഭാവികം.

എക്കാലത്തും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ കറൻസികളുടെ മൂല്യം പിടിച്ചുനിർത്തുന്നതിനായി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വൻതോതിൽ ഡോളർ ശേഖരം എടുത്തുപയോഗിക്കും. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ കരുതൽ ശേഖരത്തിൽനിന്ന് 100 ബില്യൺ ഡോളറാണ് ആർബിഐ ചെലവഴിച്ചത്. 

രൂപ ദുർബലം?
ആർബിഐ കിണഞ്ഞു പരിശ്രമിച്ചിട്ടും രൂപയുടെ മൂല്യം നിർണായക നിലവാരമയ 80 പിന്നിടുകയും റെക്കോഡ് താഴ്ചയിലേയ്ക്ക് പതിക്കുകയുംചെയ്തു. തിങ്കളാഴ്ച രാവിലെ 82.38 നിലവാരത്തിലാണ് വ്യാപാരം നടന്നത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ വർഷം എട്ടുശതമാനമാണ് ഇടിവുണ്ടായത്.

ബ്ലൂംബർഗിന്റെ വിലയിരുത്തൽ പ്രകാരം സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസത്തിൽ ഏഷ്യയിലെ വളർന്നുവരുന്ന രാജ്യങ്ങളിലെ കറൻസികളിൽ ഇന്തോനേഷ്യൻ റുപ്യയും ഇന്ത്യൻ രൂപയുമാണ് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചത്. 

കോവിഡിനുശേഷം രാജ്യത്തെ സമ്പദ്ഘടന ഘട്ടംഘട്ടമായി കരകയറുകയാണ്. ഈ സമയത്തെ പണപ്പെരുപ്പം ആശങ്കാജനകമാണ്. ഒമ്പതാം മാസവും ആർബിഐയുടെ ക്ഷമതാ പരിധിയായ ആറുശതമാനത്തിന് മുകളിലാണ് സൂചിക. അഞ്ചുമാസത്തെ ഉയർന്ന നിരക്കായ 7.41ശതമാനത്തിൽ റീട്ടെയിൽ പണപ്പെരുപ്പം എത്തുകയുംചെയ്തിരിക്കുന്നു. 

ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ വിലക്കയറ്റം ചെറുക്കാൻ അമിത വ്യഗ്രത കാണിച്ചതും ഡോളർ നേട്ടമാക്കി. വികസ്വര വിപണികളോടൊപ്പമല്ലാതെ വേറിട്ട് മുന്നേറാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതുവിട്ടൊരു മുന്നേറ്റത്തിന് കരുത്തില്ലതാനും. കർശന പണനയം സ്വീകരിക്കുന്നതിൽ, ആഗോളതലത്തിൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലായിരുന്നു വികസിത രാജ്യങ്ങൾ. അതുകൊണ്ടുതന്നെയാണ് അവർക്ക് കൂടുതൽ സമ്മർദം നേരിടേണ്ടിവന്നത്. വികസ്വര രാജ്യങ്ങളെ സമ്മർദം അത്രതന്നെ ബാധിക്കാതിരുന്നതും അതുകൊണ്ടാണ്. നിലവിലെ സാഹചര്യം തുടർന്നാൽ, ഡോളറിൻ കുതിപ്പ് തുടരുകതന്നെചെയ്യും. വരും മാസങ്ങളിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83ഉം 84ഉം പിന്നിട്ടേക്കാം.