ന്യുഡല്‍ഹി: ‘ഞങ്ങള്‍ നാലു പേരും മരിക്കും’ കാറിന്റെ വേഗം ലഹരിയാക്കിയ നാല് യുവാക്കളും റോഡില്‍ പൊലിഞ്ഞു. ബിഎംഡബ്ല്യൂ കാര്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പറപ്പിക്കുന്നതിനിടെയാണ് യുവാക്കള്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ സംഘം സുല്‍ത്താന്‍പുരിലെ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ്‌വേയിലാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. മരിച്ചവരാകട്ടെ ഡോക്ടറും എന്‍ജിയറിയൂം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനും ബിസിനസുകാരനുമടക്കമുള്ളവര്‍.

ബിഹാര്‍ റോത്താസിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രൊഫസറായ ഡോ. ആനന്ദ് പ്രകാശ് (35) ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. എന്‍ജിനീയറായ ദീപക് കുമാര്‍, റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ള അഖിലേഷ് സിംഗ്, ബിസിനസുകാരന്‍ മുകേഷ് എന്നിവരായിരുന്നു സഹയാത്രികര്‍. എല്ലാവരും ബിഹാര്‍ സ്വദേശികളും. 230 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിച്ചിരുന്ന ആനന്ദിനോട് 300 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ സഹയാത്രികള്‍ ആവശ്യപ്പെടുന്നത് ഫെയ്‌സ്ബുക്ക് ലൈവില്‍ കേള്‍ക്കാം.

അമിത വേഗതിയിലായിരുന്ന കാര്‍ നിയന്ത്രണംവിട്ട് കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഒളിവിലാണ്. അപകടത്തില്‍ അന്വേഷണം നടക്കുകയാണെന്നും കാറിന്റെയും ട്രക്കിന്റെയും ടെക്‌നിക്കല്‍ പരിശോധന പൂര്‍ത്തിയായ ശേഷമേ കുടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയൂടെന്നും സുല്‍ത്താന്‍പുര്‍ എസ്.പി സോമന്‍ ബര്‍മ പറഞ്ഞു.