മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രഹസ്യമായി വിമാനത്താവളത്തിന് പുറത്ത് കടത്താൻ ശ്രമിച്ച 91 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ് മോനാണ് പിടിയിലായത്. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയ്‌ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇയാളെ പിടികൂടിയത്. മ്യൂസിക് സിസ്റ്റത്തിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം പുറത്തിറങ്ങിയ റിയാസ്‌മോനെ കണ്ട പോലീസിന് സംശയം തോന്നിയിരുന്നു. ഇതേ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് പരിശോധിക്കുകയായിരുന്നു. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ബാറുകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.

അതേസമയം കള്ളക്കടത്തിനായി സ്വർണക്കടത്ത് സംഘങ്ങൾ പുതു വഴികൾ തേടുകയാണ്. പ്രധാനമായും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സംഘങ്ങൾ സ്വർണം കടത്താറുള്ളത്. എന്നാൽ ഇത് സ്ഥിരമായി പിടിക്കപ്പെടുന്ന സാഹചര്യത്തിലാണ് വസ്തുക്കളിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നത്.