ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്ക് ആദ്യ വിജയം. ഇന്ന് നടന്ന ലീഗ് മത്സരത്തില്‍ ഒഡീഷ എഫ് സിയെ ആണ് മുംബൈ സിറ്റി പരാജയപ്പെടുത്തിയത്‌.

മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. ഇന്ന് നല്ല ഗോളവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും ആ ശ്രമങ്ങള്‍ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ടീമുകള്‍ കഷ്ടപ്പെട്ടു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആയിരുന്നു മുംബൈ സിറ്റിയുടെ ഗോള്‍ വന്നത്. ഒഡീഷ താരം ശുഭം സാരംഗിയുടെ സംഭാവന ആയിരുന്നു ഈ ഗോള്‍. മത്സരത്തിന്റെ അവസാന നിമിഷം ബിപിന്‍ സിങിലൂടെ മുംബൈ സിറ്റി ലീഡ് ഇരട്ടിയാക്കി. ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ പാസില്‍ നിന്നായിരുന്നു ബിപിന്റെ ഗോള്‍. ബിപിന്‍ ഒഡീഷക്ക് എതിരെ നേടുന്ന ഏഴാം ഗോളാണിത്.

മുംബൈ സിറ്റിക്ക് ഇതോടെ 2 മത്സരങ്ങളില്‍ നിന്ന് 4 പോയിന്റായി. ഒഡീഷക്ക് 2 മത്സരങ്ങളില്‍ നിന്ന് 3 പോയിന്റ് ആണുള്ളത്.