കേരള സർവകലാശാലയിൽ അസാധാരണ നടപടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു. ചാൻസിലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.

പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്.

വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ അടക്കമുള്ള റിപ്പോർട്ട് ഗവർണർ തേടി. ഇത് ലഭിച്ചതോടെയാണ് അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിൻവലിക്കൽ’ നടപടിയിലേക്ക് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ കടന്നത്.

താൻ രണ്ടും കൽപ്പിച്ചെന്ന വ്യക്തമായ സൂചന നൽകിയാണ് 15 അംഗങ്ങളെയും അയോഗ്യരാക്കി വിസിക്ക് ഗവർണർ മറുപടി നൽകിയതെന്ന് വ്യക്തമാണ്.