ലണ്ടന്‍: ഇന്ത്യക്ക് കൈമാറിയാല്‍ കൊല്ലപ്പെടുകയോ ജീവനോടുക്കുകയോ ചെയ്യപ്പെട്ടേക്കാമെന്ന്  നീരവ് മോദി,വ്യവസായി ആയിരിക്കെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13000 കോടി രൂപയുടെ തട്ടിപ്പു നടത്തി ഒളിവില്‍ പോയ നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ ജയിലിലാണ് ഉള്ളത്. നീരവിനെ വിട്ടുകിട്ടണമെന്നു യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നീരവ് മോദി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു കൈമാറണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ ലണ്ടനിലെ മേല്‍ക്കോടതിയെ സമീപിച്ചിരുന്നു.

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ വാതിലിലും ടാപ്പുകളിലുമായി നിരവധി പേര്‍ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു, ഇന്ത്യയിലെ ജയിലില്‍ കൊല്ലപ്പെട്ടെക്കാമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ആശങ്കയുണ്ട് ,മാത്രമല്ല നീരവിന് വിഷാദ രോഗം ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹര്‍ജി പരിഗണിക്കവെ ജയിലിലെ മനോരോഗവിദഗ്ദ്ധൻ കോടതിയെ അറിയിച്ചു.

നീരവ് മോദിയുടെ 250 കോടി രൂപയുടെ ആസ്തി കൂടി അടുത്തിടെ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതോടെ നീരവിന്‍റെ കണ്ടുകെട്ടിയ ആസ്തിയുടെ ആകെ മൂല്യം 2,650 കോടി കവിഞ്ഞു. സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസുകളില്‍ ബാങ്ക് വായ്പാതട്ടിപ്പും കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുമാണ് നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കുമെതിരെയുള്ളത്. 2018ലാണ് ഇവര്‍ ഇന്ത്യയില്‍നിന്നും മുങ്ങിയത്.