ന്യൂഡല്‍ഹി: ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 7 ശതമാനമാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ലോകമെമ്പാടുമുള്ള വളർച്ചാ പ്രവചനങ്ങൾ കുറയുന്നതിനെക്കുറിച്ച് താൻ ബോധവതിയാണെന്നും, എങ്കിലും ഈ ദശാബ്ദത്തിലെ ഇന്ത്യയുടെ ആപേക്ഷികവും കേവലവുമായ വളർച്ചാ പ്രകടനത്തിൽ തനിക്ക് മതിയായ ആത്മവിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ എത്തിയതായിരുന്നു സീതാരാമൻ. ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഈശ്വർ പ്രസാദുമായി അവർ കൂടിക്കാഴ്ചയും നടത്തി.

ഇന്ത്യയുടെ വളർച്ചയിൽ തനിക്ക് വിശ്വാസമുണ്ടെങ്കിലും, ആഗോള തലത്തിലുള്ള ആഘാതത്തിൽ നിന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥയും മുക്തമല്ലെന്ന് അവർ കൂട്ടിച്ചേർത്തു. കോവിഡ് വ്യാപനത്തിന് ശേഷം, ഊർജ്ജം, വളം, ഭക്ഷ്യ വില എന്നീ മേഖലകൾക്ക് യൂറോപ്പിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്. അതിനൊപ്പം ആഗോള നാണയ നയവും കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള മിക്ക സമ്പദ്‌വ്യവസ്ഥകളുടെയും വളർച്ച കുറയുമെന്നാണ് വിലയിരുത്തൽ; നിർമ്മല സീതാരാമൻ വ്യക്തമാക്കി.