ഗെറ്റാഫെ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ പോയിന്‍റ് ടേബിളിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. ഗെറ്റാഫെയാണ് എതിരാളികൾ. ആദ്യ ആറ് കളികളിൽ ജയിച്ച് മുന്നേറിയ റയൽ കഴിഞ്ഞ മത്സരത്തിൽ ഒസാസുനയോട് സമനില വഴങ്ങിയാണ് ബാഴ്‌സലോണയ്ക്ക് പിന്നിൽ രണ്ടാമതായത്. പുലര്‍ച്ചെ പന്ത്രണ്ടരക്കാണ് മത്സരം.

മറ്റൊരു കളിയിൽ അത്‍ലറ്റികോ മാഡ്രിഡ് ജിറോണയെ നേരിടും. ആദ്യ നാലിൽ തിരിച്ചെത്തുകയാണ് സിമിയോണിയുടെ സംഘത്തിന്‍റെ ലക്ഷ്യം. 

ജര്‍മ്മൻ ലീഗിൽ ഇന്ന് ബയേണ്‍ മ്യൂനിക്ക്-ബൊറൂസിയ ഡോര്‍ട്മുണ്ട് സൂപ്പര്‍ പോരാട്ടം നടക്കും. രാത്രി പത്തരയ്ക്ക് ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇടൂന പാര്‍ക്കിലാണ് മത്സരം. നിലവിൽ 15 പോയിന്‍റ് വീതമുള്ള ബയേണും ബൊറൂസിയയും ലീഗിൽ മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരം കൂടിയുണ്ട്. 8 കളിയിൽ 17 പോയിന്‍റുള്ള യൂണിയന്‍ ബെര്‍ലിന്‍ ആണ് നിലവില്‍ ഒന്നാമത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഒന്നാം സ്ഥാനത്തെത്താൻ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും. ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ സതാംപ്‌ടണാണ് എതിരാളികൾ. 8 കളികളിൽ നിന്ന് മൂന്ന് ഹാട്രിക് ഉൾപ്പടെ 14 ഗോളുകൾ നേടിയ എര്‍ലിംഗ് ഹാളണ്ട് തന്നെയായിരിക്കും ഇന്നത്തെ മത്സരത്തിലേയും ശ്രദ്ധാകേന്ദ്രം. മറ്റ് മത്സരങ്ങളിൽ ചെൽസി വോൾവ്സിനേയും ലെസ്റ്റര്‍ ബോണ്‍മൗത്തിനേയും ടോട്ടനം ബ്രൈട്ടണെയും നേരിടും.