ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ-2022 ഇംഗ്ലീഷിലും ഹിന്ദിയിലും നടത്താന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി) വിജ്ഞാപനം പുറപ്പെടുവിച്ച്  മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് കുമാരസ്വാമിയുടെ വിമര്‍ശനം. പ്രാദേശിക ഭാഷകളെ താഴ്ത്തിക്കെട്ടാനുളള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും വിമര്‍ശനം.
 
‘എസ്എസ്സി ജോലികള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം. പ്രാദേശിക ഭാഷയ്ക്ക് ഓപ്ഷന്‍ ഇല്ല. ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഉദാഹരണമല്ലെങ്കില്‍ പിന്നെ എന്താണ്?  ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷകള്‍ നടത്താനുള്ള നീക്കം ദക്ഷിണേന്ത്യയിലേക്ക് ഹിന്ദിക്ക് ചുവടുവെക്കാനാണ്’ കുമാരസ്വാമി ട്വീറ്റ് ചെയ്തു. ‘കര്‍ണ്ണാടകയിലെ ജോലികള്‍ കന്നഡക്കാര്‍ക്കുള്ളതാണ്’.കന്നഡയില്‍ പരീക്ഷകള്‍ ആവശ്യപ്പെട്ട് അദ്ദേഹം പറഞ്ഞു. 

അതേസമയം, എല്ലാ ഭാഷകളും ഈ രാജ്യത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടുന്നു. അതിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനശ്രദ്ധ നേടാനുള്ള കമാരസ്വാമിയുടെ ശ്രമമാണിതെന്ന് ബിജെപി നേതാവ് ബിസി നാഗേഷ് ആരോപിച്ചു.


‘ഇത് തിരഞ്ഞെടുപ്പ് സമയമാണ്. അതുകൊണ്ടാണ് കുമാരസ്വാമി ഇക്കാര്യം പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന കന്നഡ ഭാഷ ബിജെപി നിര്‍ത്തിയിരുന്നെങ്കില്‍, ബിജെപി കന്നഡ ഉപയോഗം നിര്‍ത്തുന്നു എന്ന് പറയാം.എന്നാല്‍ ഇത് അങ്ങനെയല്ല. തിരഞ്ഞെടുപ്പ് കാരണം മാത്രമാണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.