ഹിന്ദുമതവിശ്വാസത്തിന്റെ പ്രതീകമായി ഹൈന്ദവ സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏതാണ്ട് തയ്യാറായിക്കഴിഞ്ഞു. രാജസ്ഥാനിലെ ശ്രീപഞ്ചഖണ്ഡ് പീഠത്തില്‍ നടന്ന പരിപാടിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം 50 ശതമാനത്തോളം പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 2020 ആഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ തറക്കല്ലിടുകയും അതിനുശേഷം ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തു. പാവന്ദം ശ്രീ പഞ്ചഖണ്ഡ് പീഠത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി യോഗി ജയ്പൂരിലെത്തിയത്. ഇതിനിടയില്‍ സന്ത് സമാജത്തെ പുകഴ്ത്തുന്നതിനിടയില്‍ രാമക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുകയും ചെയ്തു.

‘ഇന്ത്യയിലെ സനാതന ധര്‍മ്മം നമ്മുടെ ‘ഗോ മാതാവിന്റെ’ (പശുക്കളുടെ) സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്നു. 1949-ല്‍ ആരംഭിച്ച രാമക്ഷേത്രമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സമര്‍പ്പിത ശ്രമങ്ങള്‍ നടത്തി. അതിന്റെ ഫലമായി ഇന്ന് ആചാര്യജിയുടെ സ്വപ്നമായിരുന്ന രാമക്ഷേത്രം പൂര്‍ത്തീകരണത്തിന്റെ വക്കിലാണ്. ജോലിയുടെ 50 ശതമാനത്തിലധികം പൂര്‍ത്തിയായി.’- സന്ത് സമാഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

രാംലാലയുടെ ക്ഷേത്രത്തിന് 20 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുണ്ടാകും. ശാസ്ത്രീയമായ രീതിയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. സരയൂ നദിയില്‍ നിന്ന് ക്ഷേത്രത്തിന്റെ അടിത്തറ സംരക്ഷിക്കുന്നതിനായി ഒരു സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നുണ്ട്. ഭരത്പൂരിലെ പിങ്ക് കല്ലുകള്‍ കൊണ്ടാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. ഇളം പിങ്ക് നിറത്തിലുള്ള മണല്‍ക്കല്ലാണിത് ക്ഷേത്രം മുഴുവനും ഈ കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ആകെ ഉയരം 161 അടി ആയിരിക്കും.