മുംബൈ: മഹാരാഷ്ട്രയിൽ ദസറ ദിനത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാ​ഗത്തിന് വൻ തിരിച്ചടി. മുംബൈ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പം വേദി പങ്കിട്ടു. സെൻട്രൽ മുംബൈയിലെ ദാദറിലെ ശിവാജി പാർക്കിലാണ് ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം റാലി നടത്തിയത്. സ്വന്തം സഹോദരൻ എതിർക്യാമ്പിലേക്ക് പോയത് ഉദ്ധവ് താക്കറെക്കേറ്റ വലിയ തിരിച്ചടിയായി. 

ദസറ ദിനത്തിലെ റാലിയിൽ ഇരുവിഭാ​ഗവും ആരോപണ പ്രത്യാരോപണങ്ങളുമായി രം​ഗത്തെത്തി. പിളർപ്പിന് ശേഷം ഇരുവിഭാ​ഗവും ശക്തിപ്രകടനമായിട്ടാണ് ദസറ റാലിയെ കണക്കാക്കിയത്. ‘ശിവസേനയ്‌ക്ക് എന്ത് സംഭവിക്കുമെന്നായിരുന്നു നേരത്തെയുള്ള ചോദ്യം?  എന്നാൽ, ഇവിടെയുള്ള ആൾക്കൂട്ടത്തെ കാണുമ്പോൾ ഉയരുന്ന ചോദ്യം വഞ്ചകർക്ക് എന്ത് സംഭവിക്കുമെന്നാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും രാവണനെ കത്തിക്കും. എന്നാൽ ഇത്തവണ വ്യത്യസ്തനായ രാവണനാണ്’- ഏക്നാഥ് ഷിൻഡെ വിഭാ​ഗത്തെ ലക്ഷ്യമിട്ട് ഉദ്ധവ് താക്കറെ പറഞ്ഞു.  

ബിജെപി ശിവസേനയെ വഞ്ചിച്ചതിനാലാണ് സഖ്യം തകർന്നതെന്നും ഉദ്ധവ് പറഞ്ഞു. ഭരണം പങ്കിടാമെന്ന് ബിജെപി സമ്മതിച്ചെന്ന് എന്റെ മാതാപിതാക്കളെക്കൊണ്ട് സത്യം ചെയ്യുന്നു. എന്നാൽ പിന്നീട് അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞെന്നും താക്കറെ പറഞ്ഞു. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇപ്പോൾ ബിജെപി ശ്രമിച്ചത്. എന്നാൽ എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. 

ഏക്നാഥ് ഷിൻഡെയെയും ഉദ്ധവ് താക്കറെ രൂക്ഷമായി വിമർശിച്ചു. ഒരാളുടെ അത്യാഗ്രഹം എത്രയായിരിക്കണം.  മുഖ്യമന്ത്രി പദം തന്നു, ഇപ്പോൾ പാർട്ടിയും ചോദിക്കുന്നു. ഏക്നാഥ് ഷിൻഡെ തന്റെ പിതാവിനെ മോഷ്ടിച്ചെന്നും  ഉദ്ധവ് കുറ്റപ്പെടുത്തി. ഉദ്ധവ് താക്കറെയുടെ വിമർശനത്തിന് കവിതയിലൂടെയായിരുന്നു ഷിൻഡെയുടെ മറുപടി. കവി ഹരിവംശായ് ബച്ചന്റെ വരികളായ  “എന്റെ മകനായതുകൊണ്ട് എന്റെ മകൻ എന്റെ അനന്തരാവകാശിയാവില്ല,എന്റെ അനന്തരാവകാശി ആരായാലും എന്റെ മകനായിരിക്കും എന്നായിരുന്നു ഷിൻഡെയുടെ മറുപടി.