കിയവ്: കിഴക്കൻ, തെക്കൻ മേഖലകളിലായി യുക്രെയ്ന്റെ 18 ശതമാനം വരുന്ന നാലു പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പുവെച്ചു. കിഴക്ക് ഡോണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളും തെക്ക് സപോറിഷ്യ, ഖേഴ്സൺ എന്നിവയുമാണ് രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ച് പുടിൻ റഷ്യയുടേതാക്കി മാറ്റിയത്.

വർഷങ്ങളായി റഷ്യൻ അനുകൂല വിമതർക്ക് മേൽക്കൈയുള്ള കിഴക്കൻ മേഖലയിൽപോലും റഷ്യക്ക് നിയന്ത്രണം കുറഞ്ഞുവരുന്നതിനിടെയാണ് തിരക്കിട്ട കൂട്ടിച്ചേർക്കൽ. ഇതിനു മുന്നോടിയായി ഹിതപരിശോധന എന്ന പേരിൽ ഈ മേഖലകളിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു.

പട്ടാളക്കാരെ ഉപയോഗിച്ചായതിനാൽ നടപടികൾ ഏകപക്ഷീയമാണെന്ന് രാജ്യാന്തര സമൂഹവും യുക്രെയ്നും കുറ്റപ്പെടുത്തിയിരുന്നു. 2014ൽ ക്രിമിയ കൂട്ടിച്ചേർത്തതിനു സമാനമായാണ് സുപ്രധാന പ്രവിശ്യകൾ റഷ്യ പിടിച്ചെടുത്തത്. കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്.കിഴക്കൻ, തെക്കൻ മേഖലകളിൽ റഷ്യ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങൾ അടുത്തിടെ തിരിച്ചുപിടിക്കുകയാണ് യുക്രെയ്ൻ സേന. ഖേഴ്സണിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ എട്ടു ചെറുപട്ടണങ്ങൾ റഷ്യയിൽനിന്ന് വീണ്ടെടുത്തു. കൂട്ടിച്ചേർത്ത നാലു പ്രവിശ്യകളിൽ ഒന്നുപോലും നിലവിൽ പൂർണ റഷ്യൻ നിയന്ത്രണത്തിലല്ല.