തിരുവനന്തപുരം: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കെപിസിസിയുടെയും തെലങ്കാന പിസിസിയേയുടെയും നിലപാടില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂര്‍. പദവിയില്‍ ഇരിക്കുന്നവര്‍ ഇത്തരം നടപടി സ്വീകരിക്കരുത്. ഖാര്‍ഗെയെ പിന്തുണച്ച് കെ.സുധാകരന്‍ കാണിച്ചത് സ്വന്തം താല്‍പര്യമാണ്. അതില്‍ ഒരു തെറ്റുമില്ല. ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യാന്‍ ഒരു നിര്‍ദേശം അദ്ദേഹം ആര്‍ക്കും നല്‍കിയിട്ടില്ല. അദ്ദേഹം അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ എഐസിസിയുടെ മാര്‍ഗനിര്‍ദേശം ലഭിച്ചില്ലായിരിക്കാം. നേതാക്കളുടെ ഇത്തരം അഭിപ്രായ പ്രകടനത്തില്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് എഐസിസി തിരഞ്ഞെടുപ്പ് സമിതിയാണെന്നും തരൂര്‍ പറഞ്ഞു.

എഐസിസി തിരഞ്ഞെടുപ്പ് സമിതിയുടെ നിലപാടിലും തരൂര്‍ സംശയം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം ഇറക്കിയതില്‍ തനിക്ക് ലഭിക്കാനുള്ള പിന്തുണ തടയാനാണോ എന്ന് സംശയമുണ്ട്. ഇതുവരെ ഡെലിഗേറ്റുകളുടെ ഫോണ്‍ നമ്പര്‍ കൂടി ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണമായി ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇനിയും 12 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുണ്ടെന്നും
പ്രസിഡന്റായാലും പാര്‍ട്ടിക്കുള്ളിലെ പ്രവര്‍ത്തനം പോലെ ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനവും അനിവാര്യമാണെന്നും തരൂര്‍ പറഞ്ഞു.

വലിയ നേതാക്കളുടെ പിന്തുണ താന്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ സാധാരണ പ്രവര്‍ത്തകരുടെയും യുവനിരയുടെയും പിന്തുണ തനിക്കുണ്ട്. താല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് അവരാണ്. അവരെ താന്‍ ചതിക്കില്ല. അവരുടെ വിശ്വാസം കാക്കും.

പാര്‍ട്ടി പദവിയില്‍ ഇരിക്കുന്നവര്‍ നിലപാട് എടുക്കുന്നത് ഉചിതമല്ല. മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ. വിമതരുടെ വോട്ടിലാണോ പ്രതിക്ഷയെന്ന ചോദ്യത്തിന് താന്‍ ആരേയും തള്ളുന്നില്ല. തനിക്ക് എല്ലാവരേയും ആവശ്യമുണ്ടെന്നായിരുന്നു മറുപടി.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും തെലങ്കാന പിസിസിയുമാണ് ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. തരൂര്‍ പത്രിക പിന്‍വലിക്കണമെന്നുവരെ തെലങ്കാന പിസിസി ആവശ്യപ്പെട്ടു. സുധാകരന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമ്പോള്‍ യുവനിര തരൂരിനാണ് പിന്തുണ.