തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിക്കാത്തതില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്‍. യാത്രാ വിവരങ്ങള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നാണ് ആക്ഷേപം. കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് വിവരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചത്. 

നോര്‍വേ, ഇംഗ്ലണ്ട്, വെയില്‍സ് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുന്നത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ഔദ്യോഗികമായി വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ഗവര്‍ണറെ നേരിട്ട് കണ്ട് അറിയിക്കാറാണ് പതിവ്. അതല്ലെങ്കില്‍ കത്തിലൂടെയോ യാത്രയുടെ വിശദാംശങ്ങള്‍ ഗവര്‍ണറെ അറിയിക്കും. ഇതൊന്നും മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഉണ്ടായില്ലെന്നാണ് ആക്ഷേപം.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിശ്ചയിച്ചതിലും ഒരുദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദു റഹിമാന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ദുരന്തനിവാരണ രീതികളും പരിചയപ്പെടും. വെയ്ല്‍സില്‍ ആരോഗ്യ മേഖലയെ കുറിച്ചാണ് ചര്‍ച്ചകള്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവിടെയെത്തും. ലണ്ടനില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചിട്ടുണ്ട്. യുകെയിലെ വിവിധ സര്‍വകലാശാലകളുമായി ധാരണാപത്രങ്ങളും ഒപ്പു വെയ്ക്കും.