പഞ്ചാബിൽ പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയായി നിൽക്കുന്ന ഏതൊരു വിദ്യാർഥിയും സ്വാഭാവികമായും നേരിടുന്നൊരു ചോദ്യമുണ്ട്. ഇനി ഏപ്പോഴാണ് കാനഡയിലേക്ക് പോകുന്നതെന്ന്. അർഷദീപ് സിങ്ങും നിരവധി തവണ ആ ചോദ്യം നേരിട്ടിട്ടുണ്ട്. അച്ഛനുമായി ഈ കാര്യത്തെ പറ്റി പലതവണ സംസാരിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ ഒരു ഭാവിയുണ്ടാകുമോ എന്ന ആശങ്കയിൽ ഏതൊരു കുട്ടിക്രിക്കറ്ററേയും പോലെ അർഷദീപ് സിങ്ങും പകച്ച് നിന്നിട്ടുണ്ട്. മൂത്ത സഹോദരന്റെ പാതയിൽ കാനഡയിലേക്ക് തന്നെ പോകാനൊരുങ്ങിയിരുന്ന അർഷദീപ് അച്ഛനോട് ഒരു കൊല്ലത്തെ സാവകാശം ചോദിക്കുന്നിടത്താണ് താരത്തിന്റെ ജീവിതം തന്നെ മാറിമറയുന്നത്. പഞ്ചാബ് അണ്ടർ-19 ടീമിൽ ഇടം നേടുകയും പിന്നീട് ആ ലെഫ്റ്റ് പേസ് ബോളർ ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞ് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടേയിരിക്കുന്നത് ആർക്കും പിടികിട്ടാത്തൊരു സ്വിംഗ് ബോളിന്റെ വശ്യതയോടെയാണ്.

തിങ്ങിനിറഞ്ഞ ഗാലറികളെ കോരിത്തരിപ്പിക്കുന്നത്. ബാറ്റിങ് ടീമിന്റെ റണ്ണൊഴുക്ക് പ്രവചിച്ച മൈതാനത്ത് പേസർമാരുടെ താണ്ഡവമാണ് കണ്ടത്. ആദ്യ ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ തെംബ ബവൂമയെ ദീപക് ചാഹർ പുറത്താക്കി. രണ്ടാം ഓവറിൽ അർഷദീപ് സിങ് കൊടുങ്കാറ്റായി മാറി. രണ്ടാം പന്തിൽ ഡി കോക്ക്, അഞ്ചാം പന്തിൽ റിലീ റൂസോ, ആറാം പന്തിൽ സാക്ഷാൽ ഡേവിഡ് മില്ലർ. ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ. അർഷദീപിന്റെ സ്വിംഗുകൾക്ക് പ്രോട്ടീസ് ബാറ്റർമാർക്ക് മറുപടിയുണ്ടായില്ല. കാര്യവട്ടത്തെ ഗാലറികളെ ആരവങ്ങളിൽ മുക്കിയാണ് അർഷദീപ് പന്തെറിഞ്ഞത്.

അർഷദീപിന് പക്ഷേ ഇത് ഒരു പ്രതികാരം കൂടിയാണ്. ആഴ്ചകൾക്ക് മുമ്പ് തന്നെ തളളി പറഞ്ഞവരോട് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചവരോട് അയാൾ പന്ത് കൊണ്ട് മറുപടി പറയുന്ന കാഴ്ച. ഏഷ്യ കപ്പിലെ ഇന്ത്യ- പാക് മത്സരത്തിലെ ആ കൈവിട്ട ക്യാച്ച് കളിപ്രേമികൾ മറന്നിട്ടുണ്ടാവില്ല. അന്ന് കൂകി വിളിച്ചവർ ഇന്ന് അർഷദീപിന് വേണ്ടി കയ്യടിക്കുകയാണ്. കാനഡയിലേക്ക് പോകേണ്ടിയിരുന്ന ആ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ഇന്ന് കാര്യവട്ടത്തെ ഹീറോയായി മാറുന്നു. കളിയിലെ താരമായി മാറിക്കൊണ്ടാണ് അർഷദീപ് സിങ്ങ് കാര്യവട്ടത്ത് നിന്ന് മടങ്ങുന്നത്.