360 ൽ 314 മാർക്ക് നേടിയാണ് ആർ.കെ. ശിശിർ ഇത്തവണത്തെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഒന്നാമനായത്. സംസ്ഥാന തലത്തിലെ ഫാർമസി പ്രവേശന പരീക്ഷയിലും ശിശിർ ഒന്നാം സ്ഥാനം നേടിയിരുന്നു. കർണാടക സ്വദേശിയാണ് ശിശിർ. ജെ.ഇ.ഇ അഡ്വാൻസ്ഡ് പോലുള്ള മത്സര പരീക്ഷകൾക്ക് തയാറെടുക്കുമ്പോൾ എത്ര നേരം ഇരിക്കുന്നുവെന്നല്ല, എങ്ങനെ സമയം കാര്യക്ഷമമായി വിനിയോഗിക്കുന്നു എന്നതാണ് പ്രധാനമെന്ന് ശിശിർ പറയുന്നു.

മണിക്കൂറുകളോളം ഇരുന്ന് പഠിച്ചതിനു ശേഷം ശിശിർ വിരസത മാറ്റാൻ ചെറിയ ഇടവേള എടുക്കും. ഇത് ഏകാഗ്രത വർധിപ്പിക്കാൻ നല്ലതാണ്. രണ്ടു വർഷമായി ജെ.​ഇ.ഇ പരീക്ഷക്കായി ശിശിർ തയാറെടുപ്പു നടത്തുന്നു. സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ 97.9 ശതമാനം മാർക്കാണ് ലഭിച്ചത്.

പരിശീലനം അനിവാര്യമായ ഒന്നാണ്. നന്നായി പഠിക്കുന്നവരാണെങ്കിൽ പോലും പരിശീലനമില്ലാതെ മുന്നിലെത്താൻ കഴിയില്ല. ഓരോ വർഷവും മത്സരം വർധിക്കുകയാണ്. കാരണം കൂടുതൽ വിദ്യാർഥികളാണ് പരീക്ഷയെഴുതാൻ മുന്നോട്ട് വരുന്നത്. അതുപോലെ കൃത്യമായ പഠനവും പ്രധാനമാണ്. പഠിക്കുന്നതിനിടയിൽ ഒരിക്കലും ഉറക്കം തൂങ്ങാറില്ല. കാരണം പരീക്ഷക്ക് തയാറെടുക്കുകയാണെങ്കിലും എല്ലാ ദിവസവും എട്ടുമണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കാറുണ്ട്. കമ്പ്യൂട്ടർ സയൻസ് എടുത്ത് ബോംബെ ഐ.ഐ.ടിയിൽ പഠിക്കാനാണ് ശിശിറിന്റെ ആഗ്രഹം. പഠന ശേഷം സ്റ്റാർട്ട് അപ് തുടങ്ങാനാണ് ലക്ഷ്യം. 

ഒരിക്കലും ഒന്നാംറാങ്ക് ലഭിക്കുമെന്ന് ശിശിർ കരുതിയിരുന്നില്ല. ആദ്യ അഞ്ചുപേരിൽ ഒരാളായിരിക്കുമെന്ന് പരീക്ഷയെഴുതിയപ്പോൾ തോന്നിയിരുന്നു. പരീക്ഷയിൽ അൽപം പിന്നാക്കം പോയവർ നിരാശരാകരുതെന്നും കഠിന പരിശ്രമം തുടരണമെന്നുമാണ് ഈ മിടുക്കന്റെ ഉപദേശം.