തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെ.എസ്.ആർ.ടി.സി.ക്കുണ്ടായ നഷ്ടം ഇനിയും കൂടും. ഹർത്താൽ അനുകൂലികൾ തകർത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നതെങ്കിലും ഈ ബസുകൾ സർവീസ് നടത്താത്തതുമൂലമുള്ള നഷ്ടവും ഹർത്താൽദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് കെ.എസ്.ആർ.ടി.സി. ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്.

71 ബസുകൾക്കാണ് നാശം സംഭവിച്ചത്. ഇതിൽ ഭൂരിഭാഗം ബസുകളുടെയും മുൻവശത്തെ ചില്ലുകളാണ് തകർന്നത്. പല ബസുകളുടെയും പിൻവശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകൾ സംഭവിച്ചു. ഇവയെല്ലാം കണക്കിലെടുത്തായിരുന്നു 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയത്. 71 ബസുകളും കേടുപാടുകൾ തീർക്കുംവരെ നിരത്തിലിറക്കാനാകില്ല. ഇങ്ങനെ സർവീസ് മുടങ്ങിയുള്ള നഷ്ടംകൂടി കണക്കാക്കിയാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് വിവരം.

മുൻവശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാൽ അവ പിടിപ്പിക്കുംവരെ ചില്ല് തകർന്ന ബസുകളുടെ സർവീസ് മുടങ്ങും. ഇത്രയും ദിവസത്തെ വരുമാനനഷ്ടംകൂടി കെ.എസ്.ആർ.ടി.സി.യുടെ വരുമാനനഷ്ടമായി കണക്കാക്കും.