യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കുമായുള്ള പോരാട്ടത്തിനിടെ രക്തത്തിൽ കുളിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചെക്ക് ഗോൾകീപ്പർ തോമസ് വാക്ലിക്കുമായി കൂട്ടിയിടിച്ച് മൂക്കിൽ പരിക്കേൽക്കുകയായിരുന്നു. മൂക്കിൽനിന്ന് രക്തം മുഖത്തിലൂടെ ഒഴുകിയതോടെ ആരാധകർ ആശങ്കയുടെ മുൾമുനയിലായി. 

13ാം മിനിറ്റിലായിരുന്നു സംഭവം. ചെക്ക് പ്രതിരോധത്തെ മറികടന്ന് ഉയർന്നുചാടി പന്ത് വലയിലാക്കാനുള്ള ശ്രമത്തിലായിരുന്നു ക്രിസ്റ്റ്യാനോ. ഇത് പ്രതിരോധിക്കാൻ വാക്ലിക്കും ഉയർന്നുചാടി. പന്ത് തട്ടിയകറ്റാനുള്ള ഗോൾകീപ്പറുടെ ശ്രമം പാളി ക്രിസ്റ്റ്യാനോയുടെ മൂക്കിലാണ് ഇടിച്ചത്. രക്തം വാർന്ന് താരം ഗ്രൗണ്ടിൽ കിടന്നു. സംഭവത്തെ തുടർന്ന് മത്സരം അൽപനേരം നിർത്തിവച്ചു. ശേഷം പുനരാരംഭിച്ച മത്സരത്തിൽ പരിക്ക് വകവെക്കാതെ മുഴുവൻ സമയവും ക്രിസ്റ്റ്യാനോ കളിക്കുകയും ചെയ്തു. 

നേഷൻസ് ലീഗ് ‘എ’ ഗ്രൂപ്പിലായിരുന്നു പോർച്ചുഗൽ-ചെക്ക് പോരാട്ടം. ചെക്കിനെ പോർച്ചുഗൽ എതിരില്ലാത്ത നാല് ഗോളിന് തകർത്തെറിഞ്ഞെങ്കിലും സൂപ്പർ താരത്തിന് ലക്ഷ്യം കാണാനായില്ല. എന്നാൽ, 82ാം മിനിറ്റിൽ ജോട്ട നേടിയ ഗോളിന് വഴിയൊരുക്കാനായി. ഡിയോഗോ ഡാലോട്ട് ഇരട്ടഗോൾ നേടിയപ്പോൾ ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ജോട്ട എന്നിവർ ഓരോ തവണ പന്ത് വലയിലെത്തിച്ചു. 33, 52 മിനിറ്റുകളിലായിരുന്നു ഡാലോട്ടിന്റെ ഗോളുകൾ.