സോൾ: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയയും ജപ്പാനും അറിയിച്ചു. ദക്ഷിണ കൊറിയയുമായി സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കാൻ യുഎസ് വിമാനവാഹിനിക്കപ്പൽ എത്തിയതിനു തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കം.

ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിൽനിന്ന് 100 കിലോമീറ്ററിലധികം മാറി ടേക്കോണിന് സമീപമാണ് ഹ്രസ്വദൂര മിസൈൽ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. മിസൈൽ 60 കിലോമീറ്റർ ഉയരത്തിൽ 600 കിലോമീറ്ററോളം പറന്നതായാണ് സൂചന. ജപ്പാൻ കോസ്റ്റ് ഗൗർഡും വിക്ഷേപണം സ്ഥിരീകരിച്ചു.